Sub Lead

സ്വന്തം വീടിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞെന്ന് വ്യാജ പരാതി; ഹിന്ദു മുന്നണി നേതാവ് അറസ്റ്റില്‍

സ്വന്തം വീടിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞെന്ന് വ്യാജ പരാതി; ഹിന്ദു മുന്നണി നേതാവ് അറസ്റ്റില്‍
X

ചെന്നൈ: സ്വന്തം വീടിന് നേരേ ബോംബ് ആക്രമണമുണ്ടായെന്ന് വ്യാജ ആരോപണമുന്നയിച്ച ഹിന്ദു മുന്നണി നേതാവിനെ അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് സംഭവം. ഹിന്ദു മുന്നണി കുംഭകോണം ടൗണ്‍ സെക്രട്ടറി ചക്രപാണിയാ (40) ണ് അറസ്റ്റിലായത്. നവംബര്‍ 21ന് രാവിലെ തന്റെ വീടിനു നേരേ അജ്ഞാതരുടെ പെട്രോള്‍ ബോംബേറുണ്ടായെന്ന് ചക്രപാണി കുംഭകോണം ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ദി ന്യൂസ് മിനുട്ട് റിപോര്‍ട്ട് ചെയ്തു. വിവരം ലഭിച്ചതോടെ കുംഭകോണം പോലിസ് സൂപ്രണ്ട് രവളി പ്രിയ, അസിസ്റ്റന്റ് പോലിസ് സൂപ്രണ്ടുമാരായ ജയചന്ദ്രന്‍, സ്വാമിനാഥന്‍, ഫോറന്‍സിക് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രാമചന്ദ്രന്‍ എന്നിവര്‍ ചക്രപാണിയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.

ബിജെപി തഞ്ചാവൂര്‍ നോര്‍ത്ത് പ്രസിഡന്റ് സതീഷ് കുമാറും ഹിന്ദു മുന്നണി ഭാരവാഹികളും ചക്രപാണിയുടെ വീട് സന്ദര്‍ശിക്കുകയും സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തു. പോലിസെത്തിയപ്പോള്‍ വീടിന് പുറത്ത് ഗ്ലാസ് കഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, ചക്രപാണിയുടെ വിശദീകരണത്തില്‍ സംശയം തോന്നിയ പോലിസ് വീട്ടില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് വ്യാജ ബോംബാക്രമണം സൃഷ്ടിക്കുകയായിരുന്നുവെന്ന് വ്യക്തമായത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ വീട്ടിലേക്ക് എറിഞ്ഞെന്ന് അവകാശപ്പെടുന്ന കുപ്പിയില്‍ ഉപയോഗിച്ചിരുന്ന തിരികള്‍ സ്വന്തം വീട്ടില്‍ നിന്ന് കണ്ടെടുത്ത തുണി കീറിയുണ്ടാക്കിയതാണെന്ന് മനസ്സിലായി. ഈ തെളിവുകള്‍ സഹിതം തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പ്രശസ്തനാവാനാണ് വ്യാജ ആക്രമണ പരാതി ഉന്നയിച്ചതെന്ന് ചക്രപാണി സമ്മതിച്ചതായി പോലിസ് പറഞ്ഞു.

ജീവന് ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ ഹിന്ദുത്വ സംഘടനകളിലെ പല നേതാക്കള്‍ക്കും ലഭിച്ചപോലെ തനിക്കും സുരക്ഷാ ഉദ്യോഗസ്ഥനെ (പിഎസ്ഒ) ലഭിക്കുമെന്ന് കരുതിയാണ് വ്യാജ ബോംബാക്രമണ പരാതി ഉന്നയിച്ചതെന്ന് ചക്രപാണി പറഞ്ഞു. തുടര്‍ന്നാണ് ചക്രപാണിയെ അറസ്റ്റ് ചെയ്തത്. മേലക്കാവേരി വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്ക് (വിഎഒ) പരാതിയും നല്‍കി. ഐപിസി സെക്ഷന്‍ 436 (സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം), 153 (കലാപത്തിന് കാരണമായേക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍), 153 എ (മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 എ പ്രകാരം പോലിസ് കേസെടുത്തു. 504 (സമാധാനം ലംഘിക്കാനുള്ള മനപ്പൂര്‍വമായ ശ്രമം), 505(2) (പൊതുവിപത്തുണ്ടാക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it