Sub Lead

തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം

തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ മന്ത്രിയെ കാണാനെത്തിയ അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുമതി നിഷേധിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനിടെ, നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരേ ശക്തമായ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. എംജിഎന്‍ആര്‍ഇജിഎയ്ക്കും മറ്റ് പദ്ധതികള്‍ക്കും ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവണഗനയില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രാകൃത മനോഭാവത്തിനെതിരേ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന ഞങ്ങളുടെ നേതാക്കളെ പോലിസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ് എന്നിവരുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും അറിയിച്ചു. വ്യാഴാഴ്ച രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. എംജിഎന്‍ആര്‍ഇജിഎ കാര്‍ഡ് ഉടമകളില്‍ നിന്നുള്ള 50 ലക്ഷം കത്തുകള്‍ സമര്‍പ്പിക്കും. സംഭവത്തെ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ രാജ്ഘട്ടില്‍ രണ്ട് മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അടുത്ത ദിവസമാണ് പോലീസ് സമരക്കാരെ നീക്കം ചെയ്തത്. പാര്‍ട്ടി നിയമസഭാംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, എംജിഎന്‍ആര്‍ഇജിഎ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അനുയായികള്‍ എന്നിവര്‍ക്കൊപ്പമാണ് അഭിഷേക് ബാനര്‍ജി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.



Next Story

RELATED STORIES

Share it