Sub Lead

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പോളിങ് തുടങ്ങി, എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തൃക്കാക്കര പൈപ്പ് ലൈന്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പോളിങ് തുടങ്ങി, എല്ലാ  ബൂത്തുകളിലും നീണ്ട ക്യൂ
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പോളിങ് തുടങ്ങി.വൈകിട്ട് ആറ് മണി വരെയാണ് വോട്ടിങ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തൃക്കാക്കര പൈപ്പ് ലൈന്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പള്ളിയിലും ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് ഉമാ തോമസ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്.

കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് ഉമാ തോമസ് വീടിനടുത്തുള്ള പൈപ്പ് ലൈന്‍ പോളിംഗ് ബൂത്തിലെത്തിയത്.

പിടിയുടെ ആത്മാവും തൃക്കാക്കരയിലെ ജനങ്ങളും കൂടെയുണ്ടെന്നും ഈശ്വരാനുഗ്രഹം ഉണ്ടാവുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു. ഇന്ന് മഴ പോലും മാറി നിന്നത് പ്രകൃതിയുടെ അനുഗ്രഹമായി കാണുന്നു. എല്ലാവരുടേയും അനുഗ്രഹവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലവര്‍ഷം തുടങ്ങിയെങ്കിലും തൃക്കാക്കരയില്‍ ഇപ്പോള്‍ തെളിഞ്ഞ അന്തരീക്ഷമാണ്. 119ാംനമ്പര്‍ ബൂത്തില്‍ ഒഴികെ എല്ലായിടത്തും മോക്ക് പോളിങ് പൂര്‍ത്തിയായി. ബൂത്തുകളില്‍ വരികള്‍ ദൃശ്യമായി തുടങ്ങി. മുതിര്‍ന്ന പൗരന്‍മാരാണ് ആദ്യമണിക്കൂറില്‍ വോട്ട് ചെയ്യാന്‍ എത്തിയവരിലേറെയും. മഴ മാറിനിന്നാല്‍ ആദ്യമണിക്കൂറുകളില്‍ തന്നെ മികച്ച പോളിംഗ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. പോളിംഗ് ശതമാനം 75 കടക്കുമെന്ന് പ്രതീക്ഷ.

സെഞ്ച്വറിയടിക്കാനുള്ള നീക്കങ്ങളുമായി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ സീറ്റ് നിലനിര്‍ത്താനുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.

പ്രശ്‌നബാധിത ബൂത്തുകളൊന്നും ഇല്ല. എന്നാല്‍, മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ചൊവ്വാഴ്ച പോളിങ് ബൂത്തുകളിലേക്ക് എത്തുക. വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറിന് മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

196805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതാന്‍ പോകുന്നത്. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം ഉറപ്പാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവന്‍ സിപിഐഎം ആണെന്ന് പകല്‍ പോലെ വ്യക്തമായിട്ടുള്ള കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തിരിച്ചടിച്ചു. തൃക്കാക്കരയില്‍ പക്ഷേ അത് നടക്കില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണമാകും. ഇടതുപക്ഷം വന്‍ വിജയം നേടും. വി ഡി സതീശന്‍ പറയുന്നത് ആരെങ്കിലും കണക്കില്‍ എടുക്കുമോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

യുഡിഎഫ് എംഎല്‍എ പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ജോ ജോസഫിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.

Next Story

RELATED STORIES

Share it