Sub Lead

വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് നിയമപരമായ അവസരം ഒരുക്കും: താലിബാന്‍

വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് നിയമപരമായ അവസരം ഒരുക്കും: താലിബാന്‍
X

കാബൂള്‍: വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് നിയമപരമായി അതിനുള്ള അവസരം ഒരുക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അബാസ് സ്റ്റാനിക്‌സായിയുടെ അറിയിപ്പാണ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

രാജ്യത്ത് വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചാല്‍ നിയമപരമായ രേഖകള്‍ ഉള്ളവര്‍ക്ക് സമാധാനപരമായി രാജ്യം വിടാനുള്ള അവസരം ഒരുക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. നിയമപരമായ രേഖകളായ പാസ്‌പോര്‍ട്ടും വിസയും ഉള്ളവര്‍ക്ക് മാന്യമായും സമാധാനപരമായും വിദേശത്തേക്ക് പോകാന്‍ അവസരമുണ്ടാവുമെന്നും അറിയില്‍പ്പില്‍ പറഞ്ഞു.

വിദേശ സൈന്യങ്ങള്‍ നാടുവിട്ട സാഹചര്യത്തില്‍ താലിബാന്‍ കാബൂള്‍ വിമാനത്താവളം അടച്ചുപൂട്ടിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ തടിച്ചുകൂടിയ അഫ്ഗാന്‍കാരെ തടയുന്നതിന്റെ ഭാഗമാണ് നടപടി.

വിമാനത്താവളത്തിലേക്ക് പോകുന്ന നിരത്തില്‍ താലിബാന്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രി കാഴ്ച നല്‍കുന്ന കണ്ണടകളടക്കമുള്ള ഉപകരണങ്ങളുമായി യൂണിഫോമിലുള്ള താലിബാന്‍ സൈന്യം ചെക്ക് പോസ്റ്റുകളില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

ആഗസ്ത് 31 സമയപരിധി പാലിക്കുന്നതിന്റെ ഭാഗമായി യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക വിമാനങ്ങള്‍ കാബൂളിലെത്തിയിരുന്നു. അവ സൈനികരുമായി തിരിച്ചുപോയി. ഇറ്റലിയുടെ സൈനികരെ ഒഴിപ്പിക്കുന്ന വിമാനം കഴിഞ്ഞ ദിവസം റോമിലെ ലിയനാര്‍ഡൊ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങി.

കാബൂള്‍ വിമാനത്താവളത്തില്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ ശനിയാഴ്ച മുന്നറിയിപ്പു നല്‍കി. സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഐഎസ്‌ഐഎസ് കെപിയാണ് ആക്രമണത്തിനു പിന്നില്‍. ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് താലിബാന്‍ വിമാനത്താവളം അടച്ചുപൂട്ടിയത്. വിദേശത്തേക്ക് കടക്കാന്‍ അഫ്ഗാന്‍ സ്വദേശികള്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it