Sub Lead

മൂന്ന് സിനിമകൾ നേടിയത് 120 കോടി രൂപ; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി

മൂന്ന് സിനിമകൾ നേടിയത് 120 കോടി രൂപ; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി
X

ന്യൂഡൽഹി: രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യമില്ലെന്ന്‌ വാദിക്കാൻ മൂന്ന്‌ സിനിമകളുടെ വരുമാനമുയർത്തിക്കാട്ടി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്‌. വാർത്താ സമ്മേളനത്തിനിടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്‌ സാമ്പത്തിക മാന്ദ്യമില്ലെന്നും ഒക്‌ടോബർ രണ്ടിന്‌ മൂന്നു സിനിമകൾ 120കോടി രൂപ നേടിയത്‌ ഇതിന്റെ തെളിവാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സിനിമ രാജ്യത്തെ വലിയ വ്യവസായമാണ്‌. ഒക്‌ടോബർ രണ്ടിന്‌ മൂന്നു സിനിമകൾ 120 കോടി കളക്ഷൻ നേടിയെന്ന്‌ ചലച്ചിത്ര നിരൂപകൻ കോമൾ നേഹ്‌ത പറഞ്ഞിരുന്നു. ഇത്‌ രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നിലയുടെ തെളിവാണെന്ന് രവിശങ്കർ പ്രസാദ്‌ പറഞ്ഞു. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന നിരവധി മാധ്യമ റിപോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. 2017-'18 -ൽ 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കായ 6.1 ശതമാനത്തിൽ എത്തിയതായി ബിസിനസ്സ് സ്റ്റാൻഡേർഡ് റിപോർട്ട് ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് ഒരു വർഷം പിന്നിടുന്ന സമയത്തായിരുന്നു ഇത് സംബന്ധിച്ച പഠനം നടന്നത്. വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ വിസമ്മതിച്ചതിനെ തുടർന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് അംഗങ്ങൾ അന്ന് രാജിവച്ചിരുന്നു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽ‌പാദന വളർച്ചാ നിരക്ക് 2019 -20 ൻറെ ആദ്യ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5% ലേക്ക് കൂപ്പുകുത്തി. കോർപ്പറേറ്റ് നികുതി നിരക്ക് 35 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെ നിരവധി നടപടികൾ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചെങ്കിലും അവസ്ഥയിൽ മാറ്റമുണ്ടായിട്ടില്ല.

നേരത്തെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാർ യാത്രകൾക്ക്‌ ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ്‌ വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക്‌ കാരണമെന്ന ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it