Sub Lead

കാസര്‍കോട് ഇരട്ടക്കൊല: യുവാക്കളെ വെട്ടിവീഴ്ത്തിയത് പീതാംബരന്‍

പോലിസിന്റെ ചോദ്യംചെയ്യലില്‍ പീതാംബരന്‍തന്നെയാണ് കൊല നടത്തിയത് താനാണെന്ന് മൊഴി നല്‍കിയത്. ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘമില്ല. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും പീതാംബരന്‍ പോലിസിന് മൊഴി നല്‍കി.

കാസര്‍കോട് ഇരട്ടക്കൊല: യുവാക്കളെ വെട്ടിവീഴ്ത്തിയത് പീതാംബരന്‍
X

കാസര്‍കോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത് അറസ്റ്റിലായ സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍. പോലിസിന്റെ ചോദ്യംചെയ്യലില്‍ പീതാംബരന്‍തന്നെയാണ് കൊല നടത്തിയത് താനാണെന്ന് മൊഴി നല്‍കിയത്. ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘമില്ല. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും പീതാംബരന്‍ പോലിസിന് മൊഴി നല്‍കി.

ഇരുമ്പുദണ്ഡുകളും വടിവാളുമുപയോഗിച്ചായിരുന്നു പ്രതികള്‍ കൃപേഷിനെയും ശരത്തിനെയും ആക്രമിച്ചത്. തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള ഇയാളുടെ സുഹൃത്തുക്കള്‍ കൂടിയായ ആറുപേര്‍കൂടി കൃത്യത്തില്‍ പങ്കാളികളാണെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ പ്രദേശവാസികള്‍ കൂടിയാണ്. കൊലയാളി സംഘത്തില്‍ കൂടുതല്‍ പേരുണ്ടായേക്കാമെന്നും പോലിസ് കരുതുന്നു. അതേസമയം, കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയതെന്ന പ്രതികളുടെ വാദം പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെല്ലാം ഒരുപോലെ മൊഴികള്‍ ആവര്‍ത്തിക്കുകയാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും പോലിസ് സംശയിക്കുന്നു. അന്വേഷണത്തോട് പ്രതികള്‍ സഹകരിക്കുന്നില്ലെന്നും പോലിസ് പറയുന്നു. കൂടുതല്‍ പേരിലേക്ക് അന്വേഷണമുണ്ടാവാതിരിക്കാനാണ് ക്വട്ടേഷന്‍ സംഘമില്ലെന്നും പീതാംബരന്‍ മൊഴി നല്‍കിയതെന്നാണ് പോലിസിന്റെ നിഗമനം. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. പീതാംബരന്‍ ഇതിനു മുമ്പും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്നാണ് പോലിസ് നല്‍കുന്ന വിവരം.

പെരിയയില്‍ വാദ്യകലാസംഘം ഓഫിസും വീടും കത്തിച്ച കേസിലും മൂരിയനം മഹേഷിനെ വെട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്. പ്രതികള്‍ ഉപയോഗിച്ച വടിവാളിന്റെ പിടി അന്വേഷണസംഘം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇനി ഫോറന്‍സിക് തെളിവുകളും പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളുംവച്ച് അന്വേഷണം കരുതലോടെ മുന്നോട്ടുകൊണ്ടുപോവാനാണ് പോലിസിന്റെ തീരുമാനം. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പാക്കത്തിനടുത്ത് ചെറൂട്ടുനിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it