Sub Lead

മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിഗ്‌നല്‍ താറുമാറാക്കി; ഒഴിവായത് വന്‍ ദുരന്തം, രണ്ട് ജീവനക്കാരെ പിരിച്ച് വിട്ട് റെയില്‍വേ

ഫറോക്ക് സ്‌റ്റേഷനിലെ ജീവനക്കാരായിരുന്ന പ്രവീണ്‍രാജ്, വയനാട് ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയതിനെതുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിഗ്‌നല്‍ താറുമാറാക്കി; ഒഴിവായത് വന്‍ ദുരന്തം, രണ്ട് ജീവനക്കാരെ പിരിച്ച് വിട്ട് റെയില്‍വേ
X

കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ റെയില്‍ സിഗ്‌നല്‍ താറുമാറാക്കിയ രണ്ട് ജീവനക്കാരെ റെയില്‍വെ പിരിച്ച് വിട്ടു. ഫറോക്ക് സ്‌റ്റേഷനിലെ ജീവനക്കാരായിരുന്ന പ്രവീണ്‍രാജ്, വയനാട് ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയതിനെതുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഇരുവരും റെയില്‍വേ സിഗ്‌നല്‍ വയറുകള്‍ മുറിച്ച് മാറ്റി തീവണ്ടി ഗതാഗതം താറുമാറാക്കുകയായിരുന്നു. റെയില്‍വേ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇവര്‍ക്കെതിരേ റെയില്‍വെ പോലിസ് പ്രധാനമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് റെയില്‍വേയുടെ പിരിച്ച് വിടല്‍.കഴിഞ്ഞ മാര്‍ച്ച് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ഫറോക്ക് സ്‌റ്റേഷനും കോഴിക്കോട് വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അഞ്ചിടത്തായി പ്രതികള്‍ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. മുറിച്ച് മാറ്റിയ വയറുകള്‍ പരസ്പരം മാറ്റി കണക്ഷന്‍ നല്‍കുകയും ചെയ്തിരുന്നു. സിഗ്‌നല്‍ തകരാറിലായത് നേരത്തെ കണ്ടെത്താന്‍ സാധിച്ചതാണ് വലിയ അപകടം ഒഴിവാക്കിയതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. സംഭവത്തെക്കുറിച്ച് റെയില്‍വേ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം സീനിയര്‍ ഡിവിഷണല്‍ ഓഫീസര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രവീണ്‍ രാജിനേയും ജിനേഷിനേയും പിരിച്ച് വിടാനുള്ള തീരുമാനം ഉണ്ടായത്. കോഴിക്കോട് റെയില്‍വേ സിഗ്‌നല്‍ സീനിയര്‍ എഞ്ചിനീയറോട് ഇരുവര്‍ക്കും വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി പ്രതികള്‍ സിഗ്‌നലുകള്‍ താറുമാറാക്കുകയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സിഗ്‌നല്‍ തകരാറിലെ തുടര്‍ന്ന് ഈ റൂട്ടില്‍ മൂന്ന് മണിക്കൂറിലധികമാണ് ഈ മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ചരക്ക് വണ്ടികള്‍ ഉള്‍പ്പടെ 13 തീവണ്ടികള്‍ അന്ന് വൈകി ഓടേണ്ട സാഹചര്യവും ഉണ്ടായി. സിഗ്‌നല്‍ തകരാറിലാക്കിയതിന് പിന്നില്‍ പരിശീലനം ലഭിച്ച റെയില്‍വെ തൊഴിലാളികള്‍ തന്നെയാണെന്ന് ആദ്യ ഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഇരുവര്‍ക്കുമെതിരായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോഴിക്കോട് സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 25 ന് അറസ്റ്റിലായ ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി. പ്രാഥമിക നടപടിയായി ഇരുവരേയും സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യം ആയതിനാല്‍ പിരിച്ച് വിടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, മദ്യലഹരിയില്‍ സംഭവിച്ചതാണെന്നായിരുന്നു പ്രതികളുടെ വിശദീകരണം.

Next Story

RELATED STORIES

Share it