Sub Lead

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മുസ്‌ലിം രാഷ്ട്രീയ സഭ ചേരുന്നു

മാര്‍ച്ച് 6ന് ന്യൂഡല്‍ഹിയിലാണ് മുസ്‌ലിം രാഷ്ട്രീയ സഭ ചേരുക

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മുസ്‌ലിം രാഷ്ട്രീയ സഭ ചേരുന്നു
X

മലപ്പുറം: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 6ന് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ മുസ്‌ലിം രാഷ്ട്രീയ സഭ ചേരാന്‍ തീരുമാനിച്ചു. മലപ്പുറത്ത് നടന്ന പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലാണ് ഇതിന് തീരുമാനമായത്.രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുമ്പാകെ 'ജനങ്ങളുടെ അവകാശ പത്രിക' സമര്‍പ്പിക്കാനാണ് സഭ ചേരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ക്ഷണിക്കപ്പെട്ട മുസ്‌ലിം ഗവേഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദേശീയ-സംസ്ഥാന തലത്തില്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്ത് സമുദായത്തിന്റെ ആശങ്കകള്‍ വിശദീകരിക്കുന്ന ചാര്‍ട്ടര്‍ തയ്യാറാക്കും. താല്‍പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വിഷയങ്ങള്‍ തങ്ങളുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനാവും.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ സര്‍വ പ്രധാനമായാണ് നോക്കിക്കാണുന്നതെങ്കിലും പ്രബല രാഷ്ട്രീയ കക്ഷികള്‍ പരമ്പരാഗതമായി വോട്ട് ബാങ്കായി ഉപയോഗിച്ചുപോരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ അസ്തിത്വപരവും പുരോഗമനപരവുമായ വിഷയങ്ങള്‍ ഏറെക്കുറെ പിന്തള്ളപ്പെടുകയാണെന്ന് യോഗം വിലയിരുത്തി. തീവ്ര ന്യൂനപക്ഷ വിരുദ്ധത നിലവിലെ കേന്ദ്ര സര്‍ക്കരിന്റെ സ്വഭാവമാണ്. ഇതിന്റെ ഫലമാണ് മുസ്‌ലിംകള്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ള അതിക്രമങ്ങള്‍. ആള്‍ക്കൂട്ടകൊലകളില്‍ ബീഫ് കൈവശം വച്ചതിന്റെ പേരിലും കാലിക്കടത്തിന്റെ പേരിലും അധികവും കൊല്ലപ്പെട്ടിട്ടുള്ളത് മുസ്‌ലിംകളാണ്. സര്‍വേയുടെ അടിസ്ഥാനത്തില്‍, 2014 ബിജെപി അധികാരത്തിലെത്തിയ ശേഷം ജനപ്രതിനിധികളായ നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ അഞ്ചിരട്ടി വര്‍ധനയാണുണ്ടായിട്ടുള്ളത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം ആള്‍ക്കൂട്ടക്കൊലകളിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ബാബരി മസ്ജിദ് വിഷയത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നീതിന്യായത്തിനെതിരാണ്. നീതിലഭിക്കുന്നത് പരമാവധി തടയുക മാത്രമല്ല, രാമക്ഷേത്രം നിര്‍മിക്കുന്നത് ഉറപ്പാക്കാനും അവര്‍ ശ്രമിക്കുകയാണ്. ബിജെപി ഇതര പ്രതിപക്ഷം ബാബരി മസ്ജിദ് കേസിനെ അവഗണിക്കുകയാണ്. 1992ല്‍ മസ്ജിദ് തകര്‍ത്തപ്പോള്‍ നല്‍കിയ പള്ളി പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനം മറന്നു. സംവരണത്തിന്റെ ഭരണഘടനാ അടിത്തറ തന്നെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സാമ്പത്തിക സംവരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സവര്‍ണ അജണ്ടയ്ക്ക് പിന്തുണ നല്‍കുകയായിരുന്നു. മത ന്യൂനപക്ഷത്തിന് 15 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്റെ നിര്‍ദേശത്തെ കുറിച്ച് അവര്‍ മൗനം പാലിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്താനും ഇപ്പോള്‍ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന യുഎപിഎ കരിനിയമം കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണെന്ന കാര്യം ഓര്‍മയുണ്ടായിരിക്കണം. മുസ്‌ലിംകള്‍ക്കതിരേ ദുരുപയോഗം ചെയ്യുന്ന മറ്റൊരു ഏജന്‍സിയായ എന്‍ഐഎയും കോണ്‍ഗ്രസ് സംഭാവനയാണ്. അടിച്ചമര്‍ത്താനുപയോഗിക്കുന്ന ഇത്തരം രാജ്യദ്രോഹ നിയമങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍നിന്നും പിന്‍വലിക്കാന്‍ മുന്‍ മതേതര കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംകളെ അഭിസംബോധന ചെയ്യുന്നതില്‍

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നു പ്രത്യക്ഷമായ വിമുഖതയാണുളളത്. മുസ്‌ലിം സമുദായത്തില്‍നിന്നും പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന കാതലായ ചര്‍ച്ചാവിഷയങ്ങളില്‍ നിന്നു ഇവര്‍ മിക്കപ്പോഴും അകലം പാലിക്കുകയാണ്. മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒന്നാംസ്ഥാനത്തെത്താന്‍ ചിലപ്പോള്‍ ബിജെപിയുമായി പരസ്യമായിത്തന്നെ ഇവര്‍ മല്‍സരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ ന്യൂനപക്ഷത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അഭിലാഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ലെന്നു തെളിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ നിലവിലെ യഥാര്‍ത്ഥ സാഹചര്യം വിലയിരുത്തി, മുസ്‌ലിം സമുദായത്തിന്റെ ഭാവിയിലേക്ക് ഫലപ്രദമായ നയം നിര്‍മിക്കേണ്ടത് ആവശ്യമാണ്. കൂടാതെ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഭാവിക്കും ഇത് അനിവാര്യമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ സംരക്ഷിക്കപ്പെട്ട കാതലായ മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രാപ്തമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ മുന്നോട്ടുവച്ചിട്ടുള്ള മുസ്‌ലിം രാഷ്ട്രീയ സഭ. യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, സെക്രട്ടറിമാരായ അബ്ദുല്‍ വാഹിദ് സേട്ട്, അനിസ് അഹമ്മദ്, ദേശീയ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it