Sub Lead

വിഴിഞ്ഞം സമരം: നിര്‍ണായക ചര്‍ച്ച ഇന്ന്; പിന്നോട്ടില്ലെന്ന നിലപാടില്‍ ലത്തീന്‍ അതിരൂപത

വിഴിഞ്ഞം സമരം: നിര്‍ണായക ചര്‍ച്ച ഇന്ന്; പിന്നോട്ടില്ലെന്ന നിലപാടില്‍ ലത്തീന്‍ അതിരൂപത
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉള്‍പ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമാണ്. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.

അതേസമയം വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി കൂടുതല്‍ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്റെ പ്രശ്‌നമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിന്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ല. 25 വര്‍ഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങള്‍ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്തെത്തി. കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍ നിന്ന് സമരക്കാര്‍ പിന്മാറണമെന്നും സമരത്തിന് പിന്നില്‍ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it