Sub Lead

സ്‌ട്രോക്കിനെ കുറിച്ചുള്ള ആദ്യ മലയാള പുസ്തകം പ്രകാശനത്തിനൊരുങ്ങി

സ്‌ട്രോക്കിനെ കുറിച്ചുള്ള ആദ്യ മലയാള പുസ്തകം പ്രകാശനത്തിനൊരുങ്ങി
X

കോഴിക്കോട്: മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌ട്രോക്കിനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നു. ദുബയിലെ ഡി എം ഹെല്‍ത്ത കെയര്‍ ഗ്രൂപ്പ് ആസ്ഥാനത്താണ് അമ്മാര്‍ കീഴുപറമ്പ് രചിച്ച 'സ്‌ട്രോക്ക്: അതിജീവന പാഠങ്ങള്‍' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. കോഴിക്കോട്ടെ പേജ് ഇന്ത്യ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. ഒക്ടോബര്‍ 29 ന് അന്താരാഷ്ട്ര സ്‌ട്രോക്ക് ദിനത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, ദുബയ് സബീല്‍ പാലസിലെ ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന് നല്‍കി പ്രകാശനം ചെയ്യും. 19 അധ്യായങ്ങളിലായി 142 പേജുള്ള പുസ്തകത്തിന് 180 രൂപയാണ് വില. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വില്‍പ്പനയ്ക്കുണ്ടാവും. സ്‌ട്രോക്കിനെകുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഉള്‍കൊള്ളുന്ന ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഡോ. ആസാദ് മൂപ്പനാണ്. സ്‌ട്രോക്കിനെകുറിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളും ഇന്ത്യന്‍ സ്‌ട്രോക് അസോസിയേഷന്‍, വേള്‍ഡ് സ്‌ട്രോക് അസോസിയേഷന്‍ എന്നിവരുടെ ഏറ്റവും പുതിയ പഠനങ്ങളും രോഗ പ്രതിരോധ മാര്‍ഗങ്ങളും പുസ്തകത്തിലുണ്ട്. രോഗം വന്നവര്‍ക്കും രോഗത്തെ പേടിക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാവും. ഈ രോഗം വന്ന ശേഷമാണ് മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കര്‍ത്താവുമായ അമ്മാര്‍ ഇത്തരമൊരു രചന നടത്താന്‍ രംഗത്തെത്തിയത്.

ഇന്ത്യയില്‍ ഏറ്റവും സാധാരണമായ രണ്ടാമത്തെ മരണ കാരണമാണ് സ്‌ട്രോക്ക്. ഓരോ 40 സെക്കന്‍ഡിലും ഒരു സ്‌ട്രോക്ക് എന്ന വിധം ഓരോ 4 മിനിറ്റിലും ഒരു സ്‌ട്രോക്ക് മരണവും സംഭവിക്കുന്നു. ഓരോ വര്‍ഷവും അമേരിക്കയില്‍ മാത്രം 7,95,000ത്തിലധികം ആളുകള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാവുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം.

തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുമ്പോഴോ, തലച്ചോറിലെ ഒരു രക്തക്കുഴല്‍ പൊട്ടിത്തെറിക്കുമ്പോഴോ ചിലപ്പോള്‍ ബ്രെയിന്‍ അറ്റാക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു സ്‌ട്രോക്ക് സംഭവിക്കുന്നു. ഏത് സാഹചര്യത്തിലും, തലച്ചോറിന്റെ ഭാഗങ്ങള്‍ തകരാറിലാവുന്നു. മസ്തിഷ്‌കാഘാതം ദീര്‍ഘകാല വൈകല്യമോ, മരണമോ സംഭവിക്കാന്‍ ഇടയാക്കുന്നു. കൊവിഡിന് ശേഷം സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ അധികരിച്ചതായി ആരോഗ്യ വിദഗ്ദര്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് അവബോധം ഉണ്ടായിരിക്കുക എന്നുള്ളത് രോഗിക്ക് വിദഗ്ധ ചികില്‍സ ലഭിക്കാന്‍ അത്യാവശ്യമാണ്. വിശിഷ്യാ സ്‌ട്രോക്കിനെ കുറിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചുമുള്ള പൊതുജനത്തിന്റെ അറിവ് രോഗാവസ്ഥക്ക് വിധേയമാകുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനും അപകട, ശാരീരിക ആഘാതം കുറയ്ക്കാനും ഉപകരിക്കും. നമ്മുടെ ശരീരം, ആരോഗ്യ സ്ഥിതി, ശീലങ്ങള്‍ എന്നിവ ഇത്തരം രോഗ കാരണങ്ങളിലേക്ക് കൈപിടിച്ച് നടത്തിക്കുന്നവയാണോ എന്ന് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കാനും ഇത്തരം പുസ്തകങ്ങളിലൂടെയുള്ള അറിവ് സഹായകമാവും. മലയാളത്തിലെ ആരോഗ്യ രംഗത്തെ പുസ്തകങ്ങളില്‍ സ്‌ട്രോക്ക് അതിജീവന പാഠങ്ങള്‍ എന്തുകൊണ്ടും പുതിയ അനുഭവം തന്നെയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it