Sub Lead

ദര്‍വേഷ് അലി ദര്‍ഗയിലെ ഷെഡ് പൊളിച്ചു; ബിജെപിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

ദര്‍വേഷ് അലി ദര്‍ഗയിലെ ഷെഡ് പൊളിച്ചു; ബിജെപിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
X

ഹൈദരാബാദ്: തെലങ്കാനയിലെ രാജണ്ണ സിര്‍സില ജില്ലയിലെ സിംഗാരം ഗ്രാമത്തിലെ ദര്‍വേഷ് അലി ദര്‍ഗയിലെ ഷെഡ് പൊളിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി ആരോപണം. മലമ്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദര്‍ഗയില്‍ വ്യത്യസ്ഥ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനക്കായി എത്താറുണ്ട്. ഇതേ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനായി ഒരു ഷെഡ് ദര്‍ഗ അധികൃതര്‍ സ്ഥാപിച്ചിരുന്നു.

ഇത് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍, സര്‍ക്കാര്‍ ഭൂമിയില്‍ അല്ല ഷെഡ് നിര്‍മിച്ചതെന്ന് നാട്ടുകാരും പ്രദേശത്തെ ചെറുകിട വ്യാപാരികളും കലക്ടറെ അറിയിച്ചു. ബിജെപി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ചൊവ്വാഴ്ച്ച വൈകീട്ട് 4.30ഓടെ റെവന്യു അധികൃതര്‍ ഷെഡ് പൊളിച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചു. ഈ സമയത്താണ് വിജയപ്രഖ്യാപനം നടത്താന്‍ ദര്‍ഗയ്ക്ക് സമീപം വാര്‍ത്തസമ്മേളനം നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചത്.

അങ്ങനെ വാര്‍ത്താസമ്മേളനം രണ്ടുകാറുകളിലാണ് ബിജെപിക്കാര്‍ എത്തിയത്. ഗ്രാമത്തില്‍ നാട്ടുകാരുടെ സ്വഭാവത്തില്‍ സംശയം തോന്നിയ സംഘം സ്ഥലം വിട്ടു. എന്നാല്‍, ഒരു പ്രവര്‍ത്തകനെ കൊണ്ടുപോവാന്‍ വിട്ടുപോയി. ഇയാളെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. സ്ഥലത്തുണ്ടായിരുന്ന പോലിസ് ഇയാളെ മോചിപ്പിച്ചു. ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായും ആരോപണമുണ്ട്. പിന്നീട് ബിജെപി ജില്ലാ പ്രസിഡന്റ് റെഡ്ഡബോയ്‌ന ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് ഇതിനെ തടഞ്ഞു.

Next Story

RELATED STORIES

Share it