Sub Lead

ഗള്‍ഫ് നാടുകള്‍ ചുട്ടുപൊള്ളുന്നു; സൗദിയില്‍ താപനില 48 ഡിഗ്രിയില്‍

ഗള്‍ഫ് നാടുകള്‍ ചുട്ടുപൊള്ളുന്നു; സൗദിയില്‍ താപനില 48 ഡിഗ്രിയില്‍
X

റിയാദ്: ഗള്‍ഫ് നാടുകളില്‍ ആശങ്ക വിതച്ച് അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. അടുത്ത ദിവസങ്ങളായി മിക്ക ഗള്‍ഫ് നാടുകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഗള്‍ഫിന്റെ ചില ഭാഗങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ശനിയാഴ്ച വരെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയിലെ ദമ്മാം നഗരത്തില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 48 ഡിഗ്രി സെല്‍ഷ്യസ് ആണ്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് സൗദി നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം)യെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്യുന്നു. സൗദിയിലെ തന്നെ അല്‍ ഖര്‍ജില്‍ 46 ഡിഗ്രി സെല്‍ഷ്യസും തലസ്ഥാന നഗരമായ റിയാദില്‍ 45 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. കുവൈത്തില്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ കടുത്ത ചൂടുണ്ടാവുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 49 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് മുന്നറിയിപ്പ്. റിയാദിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഖസീമിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ താപനില 45 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അടുത്ത ദിവസങ്ങളില്‍ മദീനയിലേയും യാംബുവിലേയും ചില ഭാഗങ്ങളില്‍ ചൂട് 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക ഗവര്‍ണറേറ്റുകളിലും പരമാവധി താപനില 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഒമാന്‍ വ്യത്യസ്തമായ കാലാവസ്ഥാ പ്രതിഭാസത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒമാനിലെ ചില പ്രദേശങ്ങളില്‍ മഴയും ശക്തമായ കാറ്റും തുടരാനുള്ള സാധ്യതകള്‍ തുടരുമെന്ന് ഒമാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗള്‍ഫിലെ തീവ്രമായ ചൂട് താപനില ഈ ആഴ്ചയില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലൂടെ കടന്നുപോവുന്ന കഠിനവും അസാധാരണവുമായ താപതരംഗവുമായി പൊരുത്തപ്പെടുന്നുവെന്നാണ് റിപോര്‍ട്ട്. ബ്രിട്ടനില്‍ ചൊവ്വാഴ്ച താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും ചൂടേറിയ ദിവസത്തിനാണു കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചതെന്ന് സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാം ഇപ്പോള്‍ ചൂട് കൂടുന്ന സമയമാണ്. ഇതോടെ മുന്നറിയിപ്പുമായി പല രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്നാണ് ഖത്തര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഖത്തര്‍ കലണ്ടര്‍ ഹൗസ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. 'സിമൂം' എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ വലിയ പൊടിപടലങ്ങളാണ് ഈ കാറ്റ് മൂലമുണ്ടാവുന്നത്. അതുകൊണ്ടുതന്നെ ദൂരക്കാഴ്ച കുറയുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

Next Story

RELATED STORIES

Share it