Sub Lead

ട്രംപിന്റെ പ്രതിമയുണ്ടാക്കി പാലൊഴിച്ച് കുങ്കുമം ചാര്‍ത്തി ഭക്തന്‍; സ്വാഗത ഗാനം ആലപിക്കാന്‍ ഹിന്ദു സേന

'ഞങ്ങള്‍ക്ക് ട്രംപിനെ ഇഷ്ടമാണ്, കാരണം ഇസ്‌ലാമിക ഭീകരതയെ അതിന്റെ വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു, അതിനാലാണ് അദ്ദേഹത്തോട് ആരാധന'. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറയുന്നു.

ട്രംപിന്റെ പ്രതിമയുണ്ടാക്കി പാലൊഴിച്ച് കുങ്കുമം ചാര്‍ത്തി ഭക്തന്‍;  സ്വാഗത ഗാനം ആലപിക്കാന്‍ ഹിന്ദു സേന
X

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിഗ്രഹമുണ്ടാക്കി പൂജ നടത്തി ആരാധകനും ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപിന് സ്വാഗത ഗാനം ആലപിക്കാന്‍ ഹിന്ദുസേനയും. തെലുങ്കാന സ്വദേശിയായ ബുസ്സ കൃഷ്ണയാണ് സ്വന്തം വീടിന് മുന്നില്‍ ട്രംപിന്റെ പ്രതിമ ഉണ്ടാക്കിയത്. കുങ്കുമക്കുറി തൊടുവിച്ചു പാലഭിഷേകം നടത്തിയാണ് കൃഷ്ണയുടെ ആരാധന.

നാല് വര്‍ഷം മുന്‍പ് ട്രംപിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചുവെന്നാണ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ കൃഷ്ണ പറയുന്നത്. ഇതോടെ ആരാധന തുടങ്ങി. 'അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹം ഭക്തിയായി മാറിയിരിക്കുന്നു. അത് എനിക്ക് വളരെയധികം സന്തോഷം നല്‍കിയിട്ടുണ്ട്. അതിനാല്‍ മറ്റ് ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നതിനുപകരം ഞാന്‍ അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി'. കൃഷ്ണ പറഞ്ഞു. വീടിന്റെ ചുവരിലും മതിലുമെല്ലാം ട്രംപ് എന്ന് എഴുതി വച്ചിട്ടുണ്ട്.

എന്നാല്‍, കൃഷ്ണയുടെ ട്രംപ് ഭക്തിക്കെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. നാട്ടുകാര്‍ക്ക് മുന്‍പില്‍ അപമാനിതരാകുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കള്‍ കാരണം താന്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കൃഷ്ണ പറയുന്നു. 'ഞാന്‍ അവരെ സമൂഹത്തില്‍ അപമാനിക്കുകയാണെന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ ശിവനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതുപോലെ, ഞാന്‍ ട്രംപിനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഇരുവരെയും മറ്റൊരാള്‍ക്ക് തടയാന്‍ കഴിയില്ല', കൃഷ്ണ വ്യക്തമാക്കി.

അതേസമയം, ട്രംപിന് സ്വാഗത ഗാനം ആലപിക്കാന്‍ ഒരുങ്ങി ഹിന്ദുസേനയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ് ഫെബ്രുവരി 24 ന് ഇന്ത്യയില്‍ എത്തുമ്പോഴാണ് ഹിന്ദു സേന സ്വഗത ഗാനം അലപിക്കുക. 'ഞങ്ങള്‍ക്ക് ട്രംപിനെ ഇഷ്ടമാണ്, കാരണം ഇസ്‌ലാമിക ഭീകരതയെ അതിന്റെ വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു, അതിനാലാണ് അദ്ദേഹത്തോട് ആരാധന'. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറയുന്നു. നേരത്തെ ട്രംപിന്റെ ജന്മദിനത്തില്‍ ഹിന്ദു സേന ട്രംപിന്റെ ചിത്രത്തിന് കേക്ക് ഊട്ടിയിരുന്നു.

Next Story

RELATED STORIES

Share it