Sub Lead

ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു

ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു
X

കോയമ്പത്തൂര്‍: തമിഴ്‌നാട് സംസ്ഥാന ഗതാഗത മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍ കടുത്ത ഭാഷയില്‍ അപലപിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിനു പിന്നാലെ ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് മധുര പോലിസ്. തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ വെള്ളിയാഴ്ച അര്‍ധരാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മധുരയിലെ സിപിഐ എംപി സു വെങ്കിടേശനെതിരേ എസ് ജി സൂര്യ നടത്തിയ വിവാദപരാമര്‍ശമാണ്

അറസ്റ്റിനു കാരണമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം പോലിസ് വെളിപ്പെടുത്തിയിട്ടില്ല. തൊഴില്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംസ്ഥാന ഗതാഗത മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ദിവസങ്ങള്‍ക്കു മുമ്പാണ് വീട്ടിലെത്തി രാത്രിയില്‍ അറസ്റ്റ് ചെയ്തത്. ഇത് തമിഴ്‌നാട്ടില്‍ രാഷ്ട്രീയവിവാദത്തിന് കാരണമാക്കുകയും ഞങ്ങള്‍ തിരിച്ചടിച്ചാല്‍ ബിജെപിക്ക് താങ്ങില്ലെന്ന് എം കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൂര്യയുടെ അറസ്റ്റ് എന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണു നല്‍കുന്നത്. മലം നിറഞ്ഞ അഴുക്കുചാല് വൃത്തിയാക്കാന്‍ ഒരു ശുചിത്വതൊഴിലാളിയെ ഇടത് കൗണ്‍സിലറായ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും അലര്‍ജിയെ തുടര്‍ന്ന് തൊഴിലാളി മരിച്ചെന്നുമാണ് സൂര്യ ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെ വെങ്കിടേശന് സൂര്യ എഴുതിയ കത്തില്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ഇതാവാം അറസ്റ്റിനു കാരണമെന്നാണ് നിഗമനം.

അതിനിടെ, അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി സംസ്ഥാന കാബിനറ്റ് മന്ത്രിയായി തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഏത് വകുപ്പാണ് വഹിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ബാലാജി മന്ത്രിയായി തുടരുന്നതിനോട് ഗവര്‍ണര്‍ ആര്‍എന്‍ രവി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സ്റ്റാലിന്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ബാലാജിയുടെ വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് വകുപ്പ് ഭവന, നഗരവികസന മന്ത്രി മുത്തുസാമിക്കും നല്‍കിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തെന്നറാവുവും മുത്തുസാമിയും നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ പുതിയ പോര്‍ട്ട്‌ഫോളിയോകളും വഹിക്കും.

തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെടുത്തി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബാലാജി ഇപ്പോള്‍ ആശുപത്രിയിലാണ്. കോടതി ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം മന്ത്രിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ബാലാജിക്കെതിരെയുള്ള കേസ്. സെന്തില്‍ ബാലാജി തന്റെ ഓഫിസ് ദുരുപയോഗം ചെയ്യുകയും 2014-15 കാലഘട്ടത്തില്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങളില്‍ ഒരു ജോബ് റാക്കറ്റ് കുംഭകോണം നടത്തിയെന്നുമാണ് ഇഡിയുടെ ആരോപണം.

Next Story

RELATED STORIES

Share it