Sub Lead

സൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

സൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ
X

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ നാളെ ശിക്ഷ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസില്‍ വിധി പറയുക. കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചതാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ചാണ് 20കാരിയായ മകളെ പ്രതി 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 2021 ആഗസ്ത് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യഗായത്രിയും പിതാവും മാതാവും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.

പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍, വിനു മുരളി എന്നിവരാണ് ഹാജരായത്. ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പോലിസ് സൂപ്രണ്ടായ ബിഎസ് സജിമോനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. മകളെ ആക്രമിക്കുന്നതു കണ്ട മാതാവ് വല്‍സല തടയാന്‍ ശ്രമിക്കുന്നതിനിടെ അവരെയും അരുണ്‍ കുത്തി. സൂര്യയുടെ ശരീരത്തില്‍ 33 ഇടങ്ങളിലായി കുത്തേറ്റു. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. സൂര്യയുടെ പിതാവ് ശിവദാസന്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ മറ്റൊരു വീടിന്റെ ടെറസ്സിലേക്ക് ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് അരുണിനെ പിടിച്ചത്.

സംഭവത്തിനും രണ്ട് വര്‍ഷം മുമ്പ് അരുണ്‍ സൂര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞ് ഇത് വീട്ടുകാര്‍ നിരസിച്ചു. തുടര്‍ന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭര്‍ത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ മാതാവിനോടൊപ്പം താമസമാക്കി. ഇതിന് ശേഷമാണ് വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോഴുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോള്‍ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.

Next Story

RELATED STORIES

Share it