Sub Lead

കൊവിഡിനെ അതിജീവിച്ച്; കരുതലിനു നന്ദി പറഞ്ഞ് മുസ്തഫ വീട്ടിലേക്ക് മടങ്ങി

കൊവിഡിനെ അതിജീവിച്ച്; കരുതലിനു നന്ദി പറഞ്ഞ് മുസ്തഫ വീട്ടിലേക്ക് മടങ്ങി
X

മലപ്പുറം: കൊവിഡ് 19 മഹാമാരിക്കെതിരേ പൊരുതുന്നവര്‍ക്ക് വീണ്ടും അഭിമാനനിമിഷം. മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ച് വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗമുക്തനായ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ(46)യും കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മടങ്ങി. 13 ദിവസം നീണ്ട വിദഗ്ധ ചികില്‍സയ്ക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷം ആര്‍ജ്ജിച്ച കരുതലിന്റെ കരുത്തില്‍ വൈറസിനെ അതിജീവിച്ച് മുസ്തഫ പുതു ജീവിതത്തിലേക്ക് ചുവടുവച്ചപ്പോള്‍, അഭിമാന മുഹൂര്‍ത്തം ആശുപത്രി ജീവനക്കാരും സ്വീകരിക്കാനെത്തിയവരും മധുരം പങ്കിട്ട് അവിസ്മരണീയമാക്കി.

കൈവിട്ടു പോവുമെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മുസ്തഫ. ഐസൊലേഷന്‍ വാര്‍ഡിനു പുറത്തെത്തി സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും കരുതലിനും സ്‌നേഹത്തിനും തനിക്കു ലഭിച്ച മികച്ച ചികില്‍സയ്ക്കും പരിചരണത്തിനും നന്ദി പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറിയിരുന്നു. ദുബയില്‍ നിന്ന് മാര്‍ച്ച് 21ന് നാട്ടിലെത്തിയതു മുതല്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകയായ പ്രവാസി കൂടിയാണ് മുഹമ്മദ് മുസ്തഫ. സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ഇദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. രോഗമുക്തനായി പുറത്തിറങ്ങിയ മുസ്തഫയെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയും വാര്‍ഡംഗവുമായ എ അബ്ദുല്‍ ഗഫൂറാണെത്തിയത്.



Next Story

RELATED STORIES

Share it