Big stories

മുന്നാക്ക സംവരണം ശരിവച്ച് സുപ്രിംകോടതി

മുന്നാക്ക സംവരണം ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചത്. ജഡ്ജിമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ ഭേദഗതിയെ പിന്തുണച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല. എന്നാല്‍, ചിലരെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിന്റെ വിധിയില്‍ പറഞ്ഞു.

സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് കൂട്ടിച്ചേര്‍ത്തു. ഭരണഘടന ഭേദഗതി അംഗീകരിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി, സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്ന് പറഞ്ഞു. നിലവില്‍ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി കൂട്ടിച്ചേര്‍ത്തു. ഭരണഘടന ഭേദഗതി വിവേചനപരമല്ലെന്നായിരുന്നു ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സുപ്രധാനമായ നിരീക്ഷണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് ജസ്റ്റിസ് ബേല പറഞ്ഞു. കേശവാന്ദ ഭാരതി കേസിലെ വിധിയുടെ ലംഘനമില്ലെന്ന ജസ്റ്റിസ് ബേല വ്യക്തമാക്കി.

മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജികളിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്. തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലാണ് 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി നടത്തിയത്. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് രവീന്ദ്ര ഭട്ടിനും പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പാര്‍ദിവാല എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയായിരുന്നു 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. സപ്തംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികള്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നാക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു.

Next Story

RELATED STORIES

Share it