Sub Lead

പൗരത്വ ഭേദഗതി ബില്ലിനെതിരേ മണിപ്പൂരില്‍ 15 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം

പൗരത്വ ഭേദഗതി ബില്ലിനെതിരേ സംസ്ഥാനതലത്തില്‍ നടത്തുന്ന വിവിധ പ്രക്ഷോഭങ്ങള്‍ ഫലപ്രദമാവാത്തതിനാലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതെന്നു എഎംഎസ്‌യു ആഭ്യന്തരകാര്യ സെക്രട്ടറി യംബെം പോള്‍ജിത് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരേ മണിപ്പൂരില്‍ 15 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം
X

ഇംഫാല്‍: പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ സമരവുമായ ഓള്‍ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ എം എസ് യു) രംഗത്ത്. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പുലര്‍ച്ചെ മൂന്നുമുതല്‍ വൈകീട്ട് 6 വരെ 15 മണിക്കൂര്‍ പണിമുടക്ക് നടത്താന്‍ സംഘടന ആഹ്വാനം ചെയ്തു. ഇതേ ദിവസം തന്നെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍(എന്‍ഇഎസ് ഒ)യും പൗരത്വ ഭേദഗതി ബില്ലിനെതിരേ കടകളടച്ച് പണിമുടക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാധ്യമങ്ങളെയും അവശ്യ സര്‍വീസുകളെയും മനുഷ്യാവകാശ ദിനാചരണ ചടങ്ങുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി ശനിയാഴ്ച ഡിഎം കോളജ് കാംപസിലെ എഎംഎസ്‌യു ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു. എഎംഎസ്‌യുവിന്റെ ചുമതലയുള്ള പ്രസിഡന്റ് ലൈഷ്‌റാം അതോബ മൈതൈയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ പരീക്ഷകള്‍ നടക്കുന്നുണ്ടെങ്കില്‍ പണിമുടക്ക് ദിവസത്തെ പരീക്ഷ പുനക്രമീകരിക്കണമെന്നും ബന്ധപ്പെട്ടവരോട് അത്തൂബ അഭ്യര്‍ഥിച്ചു. പണിമുടക്ക് സംസ്ഥാനത്തെ ജനങ്ങളുടെ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുമെന്നും എന്നാല്‍ ഭാവിതലമുറയുടെ താല്‍പ്പര്യത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്കിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

എന്‍ഇഎസ് ഒയുടെ ഘടകമെന്ന നിലയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ എഎംഎസ്‌യു നടത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയില്‍ എന്‍ഇഎസ്ഒ പ്രക്ഷോഭം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരേ സംസ്ഥാനതലത്തില്‍ നടത്തുന്ന വിവിധ പ്രക്ഷോഭങ്ങള്‍ ഫലപ്രദമാവാത്തതിനാലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിക്കുന്ന വിധത്തില്‍ സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതെന്നു എഎംഎസ്‌യു ആഭ്യന്തരകാര്യ സെക്രട്ടറി യംബെം പോള്‍ജിത് പറഞ്ഞു.




Next Story

RELATED STORIES

Share it