Sub Lead

അധ്യാപകരുടെ ഒഴിവുകള്‍ നികത്തണം; ലക്ഷദ്വീപില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു

അധ്യാപകരുടെ ഒഴിവുകള്‍ നികത്തണം; ലക്ഷദ്വീപില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു
X

കവരത്തി: വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളില്‍ നിയമനം നടത്തുക, ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്ത വിദ്യാര്‍ഥികളെ ലക്ഷദ്വീപ് ഭരണകൂടം സസ്‌പെന്റ് ചെയ്തു. വിവിധ ദ്വീപുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായും ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ വേറെയുമാണ് സമരം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ചില വിദ്യാര്‍ഥികളെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കി.

പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ കെ പി നൗഫല്‍, എസ് എം മുഹമ്മദ് നസീക്ക്, പത്താം ക്ലാസ് വിദ്യാര്‍ഥി ആര്‍ എന്‍ ഫസലു റഹ്മാന്‍ തുടങ്ങിയവരെയാണ് അഗത്തി ഗവ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത്. മേല്‍പ്പറഞ്ഞ വിദ്യാര്‍ഥികളെ നവംബര്‍ 21 മുതല്‍ 25 വരെ അഞ്ചുദിവസത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നതായും ഇവര്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു. സ്‌കൂളിന്റെ നിയമങ്ങള്‍ അംഗീകരിക്കാതിരിക്കുകയും അച്ചടക്ക ലംഘനം കാണിക്കുകയും ചെയ്തതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ നടപടി. ഈ മനോഭാവം മറ്റ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മോശം പെരുമാറ്റത്തിന് പ്രചോദനം നല്‍കും.

മാത്രവുമല്ല, നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അവര്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള മറുപടിയാണ് നല്‍കിയത്. അതുകൊണ്ടാണ് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഇവര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയാല്‍ പിരിച്ചുവിടലിന് പുറമെ നിയമപരമായ നടപടികളും സ്വീകരിക്കുമെന്ന് ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ ഒഴിവ് നികത്താന്‍ കരാര്‍ അധ്യാപകരെ നിയമിക്കുക, ലക്ഷദ്വീപിലെ ഒരുവര്‍ഷത്തോളം തടഞ്ഞുവച്ച കോഴ്‌സ് ലിസ്റ്റുകള്‍ പുതുക്കുക, നാഷനല്‍ സ്‌കോര്‍ഷിപ്പ് പോര്‍ട്ടലിലേക്ക് മാറ്റിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്‌കോളര്‍ഷിപ്പ് സ്‌കീം പഴയരീതിയിലേക്ക് കൊണ്ടുവരിക, 2020ന് ശേഷം അഡ്മിഷനെടുത്തവര്‍ക്ക് സ്‌കോര്‍ഷിപ്പ് അനുവദിക്കുക, ദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് കപ്പല്‍ ടിക്കറ്റില്‍ കണ്‍സഷന്‍ നല്‍കുക എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്.

സമരം അനാവശ്യമെന്ന് പറഞ്ഞ ഭരണകൂടം സമരം ചെയ്ത വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്ലാ ദ്വീപുകളിലേയും പ്രിന്‍സിപ്പല്‍മാരോടും ബിത്രയിലെ പ്രധാനാധ്യാപകനോടുമാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 17ന് രാവിലെ ഇറക്കിയ ഉത്തരവിന് വൈകുന്നേരം ആറു മണിക്ക് മുമ്പായി മറുപടി നല്‍കണമെന്നാണ് അറിയിച്ചിരുന്നത്.

പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ അച്ചടക്ക ലംഘനമാണെന്നും അതിനെ അധികൃതര്‍ ഗൗരവമായി കാണണമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സസ്‌പെന്‍ഷന്‍ നടപടിയുണ്ടായിരിക്കുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അശാസ്ത്രീയമായ യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരേ സമരം ചെയ്ത എംപിയടക്കമുള്ള ആളുകള്‍ക്കെതിരേ കഴിഞ്ഞ ദിവസമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it