Sub Lead

അമിത് ഷായ്ക്ക് കരിങ്കൊടി; വിദ്യാര്‍ഥിനിയെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു

കരിങ്കൊടി കാണിച്ചതിന് കഴിഞ്ഞ ജൂലായില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് നേഹയ്‌ക്കെതിരേ വരുന്ന രണ്ടാമത്തെ നീക്കമാണിത്.

അമിത് ഷായ്ക്ക് കരിങ്കൊടി; വിദ്യാര്‍ഥിനിയെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു
X

അലഹാബാദ്: അമിത് ഷായെ കഴിഞ്ഞവര്‍ഷം കരിങ്കൊടി കാണിച്ചതിന് വാര്‍ത്തകളില്‍ ഇടംപിടിച്ച അലഹാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി നേഹാ യാദവിനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍വകലാശാല. കരിങ്കൊടി കാണിച്ചതിന് കഴിഞ്ഞ ജൂലായില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് നേഹയ്‌ക്കെതിരേ വരുന്ന രണ്ടാമത്തെ നീക്കമാണിത്. മെയ് 28നാണ് നേഹയ്‌ക്കെതിരേ അച്ചടക്ക നടപടികള്‍ ആരോപിച്ച് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ മോശമായ പെരുമാറ്റം, മറ്റു വിദ്യാര്‍ഥികളോടും കോളജിലെയും ഹോസ്റ്റലിലേയും ജീവനക്കാരോടും മോശമായി പെരുമാറി തുടങ്ങിയ കുറ്റങ്ങളാണ് നോട്ടിസില്‍ ഉള്ളത്.

നേരത്തെ, പരീക്ഷകള്‍ക്കായി അധ്യായനവര്‍ഷം കഴിഞ്ഞും ഒരുമാസം കൂടി സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. സമരസമിതിയില്‍ നേഹയും അംഗമായിരുന്നു. സമരം ശക്തി പ്രാപിച്ചതോടെയാണ് നേഹയെ പുറത്താക്കുന്നതിന് കളമൊരുങ്ങിയത്. എന്നാല്‍, തന്റെ രാഷ്ട്രീയമാണ് തനിക്കെതിരേ നടപടികളുമായി വരാനിടയാക്കിയതെന്നാണ് നേഹ പറയുന്നത്. അമിത് ഷായെ കരിങ്കൊടി കാണിച്ചതിന് ശേഷം സര്‍വകലാശാലയില്‍ നേഹയ്ക്ക് മാനസികമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അറിയാന്‍ കഴിയുന്നു. എന്‍ട്രസ് പരീക്ഷയില്‍ റാങ്ക് നേടിയാണ് നേഹ അലഹാബാദ് സര്‍വകലാശാലയില്‍ എത്തുന്നത്. പഠനത്തില്‍ മികവു പുലര്‍ത്തുന്ന നേഹയുടെ കരിയര്‍ നശിപ്പിക്കാനാണ് സസ്‌പെന്‍ഷനെന്നും നേഹയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. അതേസമയം, സമര പരിപാടികളില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കാംപസ് രാഷ്ട്രീയത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ കാംപസ് വിഭാഗമായ സമാജ് വാദി ചത്ര സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് നേഹ.

Next Story

RELATED STORIES

Share it