Sub Lead

അഫ്ഗാനിസ്താനിലെ ഭൂചലനം: മരണസംഖ്യ 280 ആയി; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു (വീഡിയോ)

അഫ്ഗാനിസ്താനിലെ ഭൂചലനം: മരണസംഖ്യ 280 ആയി; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു (വീഡിയോ)
X

കാബൂള്‍: അഫ്ഗാനിസ്താനെ പിടിച്ചുകുലുക്കിയ ശക്തമായ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ 280 ആയി ഉയര്‍ന്നു. ഇനിയും മരണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. നൂറുകണക്കിന് പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്. ഇവിടെ 100 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ ഭരണകൂടത്തിന്റെ ദുരന്തനിവാരണ അതോറിറ്റി തലവന്‍ മുഹമ്മദ് നാസിം ഹഖാനി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖോസ്റ്റ് പ്രവിശ്യയില്‍ 25 പേര്‍ കൊല്ലപ്പെടുകയും 90 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില ഗ്രാമങ്ങള്‍ മലനിരകളിലെ വിദൂരപ്രദേശങ്ങളിലായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലും ഭൂചനത്തിന്റെ തുടര്‍ചലനങ്ങളുണ്ടായതായി റിപോര്‍ട്ടുണ്ട്. തെക്കുകിഴക്കന്‍ നഗരമായ ഖോസ്തില്‍ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 500 കി.മീ. ചുറ്റളവില്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. പെഷവാര്‍, ഇസ്‌ലാമാബാദ്, ലാഹോര്‍, പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിലും ഖൈബര്‍പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

അഫ്ഗാന്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്ന ചിത്രങ്ങളില്‍ വീടുകളുടെ അവശിഷ്ടങ്ങളും മൃതദേഹങ്ങള്‍ നിലത്ത് പുതപ്പില്‍ പൊതിഞ്ഞുകിടത്തിയിരിക്കുന്നതും കാണുന്നുണ്ട്. അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ സാമഗ്രികളും ഭക്ഷണവും എത്തിക്കാനും ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളിലെ ഏകദേശം 119 ദശലക്ഷം ആളുകള്‍ക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it