Sub Lead

കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചു; ഇന്ത്യന്‍ പൗരന്‍മാരോട് റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ എംബസിയുടെ നിര്‍ദേശം

കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചു; ഇന്ത്യന്‍ പൗരന്‍മാരോട് റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ എംബസിയുടെ നിര്‍ദേശം
X

കീവ്: യുദ്ധക്കളമായി മാറിയ കീവില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. എത്രയും വേഗം തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഇന്ത്യന്‍ പൗരന്‍മാരോട് എംബസി നിര്‍ദേശിച്ചു. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് കീവിലുള്ളത്. കീവില്‍നിന്ന് ട്രെയിന്‍ മാര്‍ഗം യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ മേഖലകളിലേക്ക് മാറാനാണ് ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. 'കീവില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. എല്ലാ വിദ്യാര്‍ഥികളും പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവണം. യുക്രെയ്ന്‍ റെയില്‍വേ പലായനം ചെയ്യാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നു- എംബസി ട്വീറ്റ് ചെയ്തു.

രക്ഷാദൗത്യത്തിന് യുക്രെയ്ന്‍ പ്രത്യേക ട്രെയിനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും യാത്രയില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കേന്ദ്രമന്ത്രിമാരായ ഹര്‍ദീക് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി കെ സിങ് എന്നീ കേന്ദ്രമന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി യാത്രതിരിക്കുന്നുണ്ട്. യുക്രെയ്‌ന്റെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ വഴി 15000 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ഓപറേഷന്‍ ഗംഗ ലക്ഷ്യമിടുന്നത്.

അഞ്ച് വിമാനങ്ങള്‍ ഇതിനകം രാജ്യത്തെത്തി. ബുദാപെസ്റ്റില്‍നിന്നുള്ള വിമാനം വൈകുന്നേരം ഡല്‍ഹിയിലിറങ്ങും. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ മലയാളികള്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങും. മലയാളികളുമായുള്ള വിമാനം കൊച്ചിയില്‍ വൈകീട്ട് 5.20നും തിരുവനന്തപുരത്ത് 8.30നും കോഴിക്കോട് 7.25നും ലാന്‍ഡ് ചെയ്യും. ആറാമത്തെ വിമാനം 240 ഇന്ത്യന്‍ പൗരന്മാരുമായി ബുദാപെസ്റ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ബദാപെസ്റ്റില്‍ നിന്നുള്ള ആറാമത്തെ ഓപറേഷന്‍ ഗംഗ വിമാനം 240 ഇന്ത്യന്‍ പൗരന്‍മാരുമായി ഡല്‍ഹിയിലേക്ക്,' അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടായിരത്തോളം ഇന്ത്യക്കാരുള്ള കീവ് ഉള്‍പ്പെടെയുള്ള തീവ്രമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രധാന ആശങ്കയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഞായറാഴ്ച പറഞ്ഞു. ഇന്ത്യ ഇതിനകം 2,000ലധികം പൗരന്‍മാരെ യുക്രെയ്‌നില്‍ നിന്ന് ഒഴിപ്പിച്ചു. അവരില്‍ 1,000ത്തിലധികം പേരെ ഹംഗറിയില്‍നിന്നും റൊമാനിയയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് കൊണ്ടുവന്നു.

Next Story

RELATED STORIES

Share it