Sub Lead

ഡല്‍ഹിയിലെ ഇരകള്‍ക്കെതിരായ കേന്ദ്രത്തിന്റേയും ഡല്‍ഹി പോലിസിന്റെയും അതിക്രമം അവസാനിപ്പിക്കണമെന്ന് പോപുലര്‍ഫ്രണ്ട്

സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2600 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

ഡല്‍ഹിയിലെ ഇരകള്‍ക്കെതിരായ കേന്ദ്രത്തിന്റേയും ഡല്‍ഹി പോലിസിന്റെയും അതിക്രമം അവസാനിപ്പിക്കണമെന്ന് പോപുലര്‍ഫ്രണ്ട്
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ മുസ്്‌ലിം വിരുദ്ധ കലാപത്തിനു ശേഷം കേന്ദ്രസര്‍ക്കാരും ഡല്‍ഹി പോലീസും ഇരകളായ മുസ്്‌ലിംകളെ തന്നെ വേട്ടയാടുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ച് 2600ലധികം ആളുകളെ കസ്റ്റഡിയില്‍ വയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശത്തു നിന്നുള്ള റിപോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ട 53 പേരില്‍ കൂടുതലും മുസ്ലിംകളാണ്. ഏകദേശം 2500 കോടി രൂപയുടെ സ്വത്തുക്കള്‍ കലാപത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 19 പള്ളികളും 4 മദ്രസകളും തകര്‍ക്കുകയോ കേടുപാടുവരുത്തുകയോ ചെയ്തിട്ടുണ്ട്. കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്ത ഭൂരിഭാഗം വീടുകളും കടകളും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ളതാണ്. കലാപസമയത്ത് ശിവ വിഹാര്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നു ജീവരക്ഷാര്‍ത്ഥം ഒഴിഞ്ഞുപോയവര്‍ക്ക് ഇപ്പോഴും അവരുടെ തകര്‍ക്കപ്പെട്ട ഭവനങ്ങളിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതെല്ലാം സംഭവിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന ഡല്‍ഹി പോലിസിന്റെ നിഷ്‌ക്രിയത്വം കൊണ്ടു മാത്രമല്ല, പലതും അവരുടെ പ്രേരണയാലും പങ്കാളിത്തത്താലുമാണ് സംഭവിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൊള്ളിവയ്പ് നടത്തുന്നവരുടേയും കലാപകാരികളുടേയും മുഖം പതിയാതിരിക്കാന്‍ സിസിടിവികള്‍ തകര്‍ക്കുന്ന പോലിസുകാരുടെ നിരവധി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുരുതര പരിക്കേറ്റ് വീണുകിടക്കുന്ന മുസ്‌ലിം യുവാക്കളെ കൊണ്ട് പോലിസ് ദേശീയഗാനം പാടാന്‍ ആവശ്യപ്പെടുന്നതും 'ആസാദി' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിന് അവഹേളിക്കുന്നതും കല്ലും ഇഷ്ടികയും എടുക്കാന്‍ കലാപകാരികളെ സഹായിക്കുന്നതും കലാപകാരികളോടൊപ്പം കല്ലെറിയുന്നതുമായ നിരവധി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഫെബ്രുവരി 22 മുതല്‍ 29 വരെ 21000 ഓളം കോളുകളാണ് സഹായം ആഭ്യര്‍ഥിച്ച് പോലിസ് കണ്‍ട്രോള്‍ റൂമിലെത്തിയത്. ഇതില്‍ 24, 25 തീയതികളില്‍ മാത്രം കലാപവുമായി ബന്ധപ്പെട്ട 1300 ഓളം കോളുകള്‍ എത്തി. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും പോലിസ് സ്വീകരിക്കാന്‍ തയ്യാറായില്ല. പോലിസിന്റെ ചുമതലകളില്‍ വീഴ്ച വരുത്തിയതായി സുപ്രിംകോടതി പോലും നിരീക്ഷിച്ചതാണ്. നിയമം അനുശാസിക്കുന്ന രീതിയില്‍ പോലിസ് പ്രവര്‍ത്തിക്കുകയും ആളുകളെ പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ നിന്ന് തടയുകയും ചെയ്തിരുന്നുവെങ്കില്‍, അക്രമം വ്യാപിക്കുന്നത് തടയാനും നിരവധി ജീവനുകള്‍ രക്ഷിക്കാനും കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അതിന്റെ രാഷ്ട്രീയ യജമാനന്മാരെയും പ്രാദേശിക സാമുദായ ഗുണ്ടകളെയും പ്രീതിപ്പെടുത്തുന്നതിനായി പോലിസ് കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു.

ചുമതലകളില്‍നിന്ന് ഓടിയൊളിച്ച പോലിസ് സംഘ പരിവാറുമായി ഒത്തുചേര്‍ന്ന് ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചിലപ്പോഴെങ്കിലും നിരപരാധികളും നിസ്സഹായരുമായ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും തീവയ്പുകളും നടത്തുന്നതില്‍ പങ്കാളികളാവുകയും ചെയ്തു ആക്രമത്തിന് കൂട്ടുനിന്നു.

രാജ്യത്തിനും അന്താരാഷ്ട്ര സമൂഹത്തിനും മുന്നില്‍ തുറന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി എംപിമാരും പാര്‍ലമെന്റില്‍ അവകാശപ്പെട്ടത് കലാപം 36 മണിക്കൂറിനകം നിയന്ത്രിക്കപ്പെട്ടുവെന്നാണ്. അര്‍ധസൈനിക വിഭാഗവും നിരവധി കമ്പനികളുടെ കരുതല്‍ ശേഖരത്തിനും പുറമെ 87000 ത്തിലധികം ശക്തമായ പോലിസ് സേനയുള്ള ദേശീയ തലസ്ഥാനത്ത് അച്ചടി മാധ്യമങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും നിറ സാന്നിധ്യത്തില്‍ 70 മണിക്കൂറിലധികം ആക്രമണം തുടര്‍ന്നു എന്നതാണ് വസ്തുത. മറ്റേതെങ്കിലും ജനാധിപത്യ രാജ്യത്ത് ഇത്തരം വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍, ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയും അതില്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും വേണം.

പക്ഷേ, ഒരു ഭൂരിപക്ഷ സാമുദായിക ഫാസിസ്റ്റ് രാഷ്ട്രമായി രൂപാന്തരപ്പെടുന്ന ഇന്ത്യയില്‍, അക്രമത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ വലിയ ദേശസ്‌നേഹികളായി ഉയര്‍ത്തുകയാണ്. വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് ന്യൂനപക്ഷ സമുദായത്തിലെ ഇരകളേയും അവരുടെ നേതാക്കന്‍മാരേയും എടുത്തെറിയുമ്പോള്‍ കുറ്റവാളികളായ ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരേയും അവര്‍ക്ക് പ്രചോദനം നല്‍കുന്ന നേതാക്കളേയും സ്വതന്ത്രരാക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.

സിഎഎ-എന്‍പിആര്‍-എന്‍ആര്‍സി പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുള്ള സംഘങ്ങളേയും പ്രവര്‍ത്തകരേയും കലാപത്തിനിടെയും ശേഷവും നിരപരാധികളായ ഇരകളെ പിന്തുണയ്ക്കുന്നവരേയും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന്റെ പാതയില്‍ കേന്ദ്രസര്‍ക്കാറിനു കീഴില്‍ ഡല്‍ഹി പോലിസ് വേട്ടയാടുകയാണ്. കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ദിനംപ്രതി മുസ്‌ലിം നാമധാരികളെ കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് പോലിസ്.പോലിസ് അതിക്രമത്തിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനെക്കുറിച്ച് അറിയിക്കാന്‍ പോലിസ് സ്‌റ്റേഷനില്‍ പോയപ്പോള്‍ പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സ്‌റ്റേറ്റ് പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, സ്‌റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഇലിയാസ് എന്നിവരെ അറസ്റ്റ് ചെയ്തു. നേരത്തെ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഡാനിഷ് ഖാനും അറസ്റ്റിലായിരുന്നു.

പോപുലര്‍ഫ്രണ്ട് സംസ്ഥാന ഓഫിസ് സെക്രട്ടറി മുഖീത്തിനെയും കസ്റ്റഡിയിലെടുത്തു. ഡല്‍ഹി കലാപത്തിനുശേഷം രാഷ്ട്രീയ ന്യായീകരണത്തിനായി എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ ദുരുപയോഗം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം താഹിര്‍ ഹുസൈനെതിരേ കേസെടുത്തു. ഇതിനകം പ്രത്യേക ഇഡി അന്വേഷണം നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരെയുംസമാനമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹെയ്റ്റ് പോലുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും സര്‍ക്കാറിന്റെ ഹിറ്റ് ലിസ്റ്റിലാണുള്ളത്.

ഇത്തരം നടപടികളിലൂടെ ഏതെങ്കിലും വ്യക്തികളെയും സംഘടനകളെയും മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച് സി.എ.എഎന്‍.ആര്‍.സിഎന്‍.പി.ആര്‍, ഡല്‍ഹി വംശഹത്യ എന്നീ ആര്‍.എസ്.എസ് അജണ്ടകളെ എതിര്‍ക്കുന്ന എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിയോജിപ്പുകളുടെ എല്ലാ ശബ്ദങ്ങളെയും ഒതുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ന്യൂനപക്ഷ വിഭാഗങ്ങള്‍ അവരുടെ സമുദായത്തിന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് തടയുക മാത്രമല്ല, മറിച്ച് അവരുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തുകയാണ്.

ജനാധിപത്യ മൂല്യങ്ങളുടെയും നിയമവാഴ്ചയുടെയും ഇത്തരം നഗ്‌നമായ ലംഘനങ്ങള്‍ക്കെതിരേ പൗരസമൂഹം ഒന്നടങ്കം അവരുടെ ശബ്ദമുയര്‍ത്തണം. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരേ യോജിച്ച് പോരാടാന്‍ ഒരുമിച്ച് രംഗത്തുവരണമെന്നും പോപുലര്‍ഫ്രണ്ട് അഭ്യര്‍ഥിച്ചു.

നേരത്തെ, പോപുലര്‍ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട നിജസ്ഥിതി വ്യക്തമാക്കാനും ഡല്‍ഹി പോലിസിന്റെ പക്ഷപാതപരമായ നിലപാടുകളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാനും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഡല്‍ഹി പോലിസ് തടഞ്ഞിരുന്നു.

Next Story

RELATED STORIES

Share it