Sub Lead

സിദ്ദീഖ് കാപ്പന്റെ ശബ്ദ, കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കാനുള്ള എസ്ടിഎഫിന്റെ അപേക്ഷ കോടതി തള്ളി

സിദ്ദീഖ് കാപ്പന്‍ മറ്റൊരാള്‍ക്ക് അയച്ച മലയാളത്തിലുള്ള ഓഡിയോ സന്ദേശം ലഭ്യമായിട്ടുണ്ടെന്നും ഇത് സിദ്ദീഖ് കാപ്പന്റേത് തന്നേയാണോ എന്ന് പരിശോധിക്കാന്‍ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എസ്ടിഎഫ് മഥുര കോടതിയെ സമീപിച്ചത്.

സിദ്ദീഖ് കാപ്പന്റെ ശബ്ദ, കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കാനുള്ള എസ്ടിഎഫിന്റെ അപേക്ഷ കോടതി തള്ളി
X

ലഖ്‌നൗ: യുപിയിലെ മഥുര ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ശബ്ദ, കൈയക്ഷര സാമ്പിളുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എസ്ടിഎഫ് നല്‍കിയ അപേക്ഷ മഥുര കോടതി തള്ളി. ഇത്തരം പരിശോധനയുടെ ആവശ്യമില്ലെന്ന് പറഞ്ഞാണ് എസ്ടിഎഫിന്റെ അപേക്ഷ കോടതി തള്ളിയത്.

സിദ്ദീഖ് കാപ്പന്‍ മറ്റൊരാള്‍ക്ക് അയച്ച മലയാളത്തിലുള്ള ഓഡിയോ സന്ദേശം ലഭ്യമായിട്ടുണ്ടെന്നും ഇത് സിദ്ദീഖ് കാപ്പന്റേത് തന്നേയാണോ എന്ന് പരിശോധിക്കാന്‍ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എസ്ടിഎഫ് മഥുര കോടതിയെ സമീപിച്ചത്.

എന്നാല്‍, യുപിയില്‍ നടക്കുന്ന ഇത്തരം പരിശോധനകള്‍ വിശ്വസനീയമല്ലെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ വാദിച്ചു. പരിശോധന ഡല്‍ഹിയില്‍ നടത്താന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇത്തരം പരിശോധനകള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എസ്ടിഎഫിന്റെ അപേക്ഷ തള്ളുകയായിരുന്നു.

കഴിഞ്ഞ ഓക്ടോബറിലാണ് ഹാത്‌റാസിലേക്കുള്ള യാത്രക്കിടെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനേയും നാല് സുഹൃത്തുക്കളേയും യുപി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആറ് മൊബൈല്‍ ഫോണുകള്‍ ആഗ്രയിലെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനക്ക് അയച്ചതായും എസ്ടിഎഫ് കോടതിയെ അറിയിച്ചു.

കാപ്പന്റെ മൊബൈലില്‍ നിന്ന് മറ്റൊരാള്‍ക്ക് അയച്ച ശബ്ദ സന്ദേശം ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഇത് സിദ്ദീഖ് കാപ്പന്റെതാണോ എന്ന് പരിശോധിക്കാന്‍ ശബ്ദ സാമ്പിള്‍ എടുക്കണമെന്നും ഇതിനായി കാപ്പനെ ലഖ്‌നൗവിലേക്ക് കൊണ്ട് പോകണമെന്നും എസ്ടിഎഫ് അപേക്ഷയില്‍ പറഞ്ഞു.

ഡല്‍ഹിയിലെ ജംഗ്പുരയിലെ കാപ്പന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ഇംഗ്ലീഷിലുള്ള കുറിപ്പുകള്‍ ലഭിച്ചതായും ഇതില്‍ ചില രേഖകള്‍ സംശയാസ്പതമാണെന്നും കൈയ്യക്ഷര സാമ്പിള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും എസ്ടിഎഫ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു.

യുപിയിലെ ഹത്രാസില്‍ ക്രൂര പീഡനങ്ങള്‍ക്ക് വിധേയമായ പെണ്‍കുട്ടിയെ കുറിച്ചു യഥാര്‍ത്ഥ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് സിദ്ദിഖ് കാപ്പന്‍ സുഹൃത്തുക്കളോടൊപ്പം കാറില്‍ അങ്ങോട്ട് പോയത്. ഹത്രാസില്‍ എത്തുന്നതിനു മുമ്പ് തന്നെ യുപിയിലെ മഥുരയില്‍ വച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അറസ്റ്റിനു ശേഷം യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയാണ് യുപി പോലീസ് സിദ്ധീഖിനു എതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ എട്ടു വര്‍ഷമായി മാധ്യമപ്രവര്‍ത്തനവുമായി ഡല്‍ഹിയില്‍ കഴിയുന്ന കാപ്പന്‍ തേജസ്, മംഗളം, വീക്ഷണം, തല്‍സമയം എന്നീ പത്രങ്ങളിലും അവസാനം അഴിമുഖം ഓണ്‍ലൈനിലും ലേഖകന്‍ ആയി ജോലിചെയ്തുവരികയായിരുന്നു.

സുപ്രീം കോടതിയില്‍ കഴിഞ്ഞ നാലുമാസമായി സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അനിശ്ചിതമായി നീട്ടി വെക്കുന്ന അവസ്ഥയാണുള്ളത്. യു പി പോലീസ് നിരന്തരം അദ്ദേഹത്തിനെതിരെ കള്ളക്കഥകള്‍ നിര്‍ത്തി ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമം പരാജയപ്പെടുത്തുകയാണ്.

Next Story

RELATED STORIES

Share it