Sub Lead

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ സംസ്ഥാനങ്ങള്‍ പിന്‍വലിക്കരുത്: സുപ്രിംകോടതി

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ മാറ്റരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജഡ്ജിമാര്‍ ഈ തസ്തികകളില്‍ തുടരുന്നുണ്ടോയെന്ന് ബന്ധപ്പെട്ട ഹൈക്കോടതികള്‍ പ്രത്യേകമായി പരിശോധിക്കണം.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ സംസ്ഥാനങ്ങള്‍ പിന്‍വലിക്കരുത്: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി നിര്‍ദേശിച്ചു. എംപിമാര്‍, എംഎല്‍എമാര്‍, മുന്‍ സാമാജികര്‍ എന്നിവര്‍ പ്രതികളായ ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിലെ അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയയുടെ ശുപാര്‍ശ അംഗീകരിച്ചാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേരള നിയമസഭാ കൈയാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രിംകോടതി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ മാറ്റരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജഡ്ജിമാര്‍ ഈ തസ്തികകളില്‍ തുടരുന്നുണ്ടോയെന്ന് ബന്ധപ്പെട്ട ഹൈക്കോടതികള്‍ പ്രത്യേകമായി പരിശോധിക്കണം. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ പൊതുതാത്പര്യം കൂടി കണക്കിലെടുത്ത് മാത്രമേ പിന്‍വലിക്കാവൂ എന്ന നിയമസഭാ കേയാങ്കളി കേസിലെ സുപ്രിംകോടതി ഉത്തരവിന്റെ നിര്‍ദേശങ്ങളും അമിക്കസ് ക്യൂറി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ക്രിമിനല്‍ നടപടി ചട്ടം 321 പ്രകാരം കേസ്സുകള്‍ വ്യാപകമായി പിന്‍വലിക്കുന്നതായും അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. ഇതെത്തുടര്‍ന്നാണ് ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത്. മുസഫര്‍നഗര്‍ കലാപത്തില്‍ എംഎല്‍എമാരായ സംഗീത് സോം, സുരേഷ് റാണ, കപില്‍ ദേവ്, ബിജെപി നേതാവ് സാധ്വ പ്രാചി എന്നിവര്‍ക്കെതിരായ കേസുകളാണ് കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ നടപടി ചട്ടത്തിലെ 321 വകുപ്പ് പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

കര്‍ണാടകയില്‍, 2020 ആഗസ്തില്‍ പാസാക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 61 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവയില്‍ പലതും സംസ്ഥാന നിയമസഭയിലെ സിറ്റിങ് എംഎല്‍എമാര്‍ക്കെതിരേയുള്ളതായിരുന്നു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ച് അതിവേഗം തീര്‍പ്പാക്കുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രിംകോടതി.

പ്രതികള്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അധികാരം നല്‍കുന്ന ക്രിമിനല്‍ നടപടിക്രമത്തിലെ 321ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെതിരേയാണ് കോടതി ഉത്തരവ്. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ജനപ്രതിനിധികള്‍ പ്രതികളായ കേസുകളുടെ വിചാരണ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് കോടതി വിലയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കെതിരായ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്തിമഅവസരം നല്‍കുകയാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് അവസാന അവസരം നല്‍കുന്നു. നിങ്ങള്‍ ഇപ്പോള്‍ ഇത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് ഞങ്ങള്‍ അനുമാനിക്കും- ബെഞ്ച് വ്യക്തമാക്കി. ആഗസ്ത് 25 ന് കേസ് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it