Sub Lead

സ്‌കൂള്‍ കായികോല്‍സവത്തിന് നാളെ ട്രാക്കുണരും

ശനിയാഴ്ച രാവിലെ ഒമ്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാകയുയര്‍ത്തും. വൈകീട്ട് 3.30ന് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

സ്‌കൂള്‍ കായികോല്‍സവത്തിന് നാളെ ട്രാക്കുണരും
X

കണ്ണൂര്‍: 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിന് നാളെ കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നാളെ തുടങ്ങും. 14 ജില്ലകളില്‍നിന്നായി 2000ത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. കായികതാരങ്ങള്‍ ഇന്ന് വൈകീട്ടോടെ കണ്ണൂരിലെത്തിത്തുടങ്ങും. ശനിയാഴ്ച രാവിലെ ഒമ്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാകയുയര്‍ത്തും. വൈകീട്ട് 3.30ന് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ ഏഴിനുതന്നെ മത്സരങ്ങള്‍ തുടങ്ങും. ആദ്യദിനം ഹീറ്റ്‌സ് മല്‍സരങ്ങളുള്‍പ്പെടെ 30 മല്‍സരങ്ങളാണ് നടക്കുക. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മല്‍സരമാണ് ആദ്യം നടക്കുക. തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററും നടക്കും.


ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ് എന്നീ മല്‍സരങ്ങളും നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍ ആണ്‍/പെണ്‍ 400 മീറ്റര്‍ ഹീറ്റ്‌സ് മല്‍സരങ്ങളും ജാവലിന്‍ ത്രോയും തുടര്‍ന്ന് നടക്കും.

മേളയുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് കണ്ണൂരില്‍ വിളംബരജാഥ നടത്തി. ജില്ലാ ബാങ്ക് പരിസരത്തുനിന്നാരംഭിച്ച് കാല്‍ടെക്‌സ് ജങ്ഷനില്‍ സമാപിച്ചു. സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, ഡിഡിഇ ടി പി നിര്‍മലാദേവി നേതൃത്വം നല്‍കി. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മാര്‍ച്ച് പാസ്റ്റ് തുടങ്ങിയവ മേളയ്ക്കു മികവേകി.




Next Story

RELATED STORIES

Share it