Sub Lead

യുപിയില്‍ അന്യായമായി തടവിലാക്കപ്പെട്ട മലയാളികളുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: പോപുലര്‍ ഫ്രണ്ട്

യുപിയില്‍ അന്യായമായി തടവിലാക്കപ്പെട്ട മലയാളികളുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: യുപിയില്‍ അന്യായമായി തടവിലാക്കപ്പെട്ട മലയാളികളുടെ മോചനത്തിനായി കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നിരവധി യുവാക്കള്‍ കഴിഞ്ഞ കുറേമാസങ്ങളായി കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് യുപിയില്‍ തടവറയിലാണ്. സിദ്ദീഖ് കാപ്പന്റെ ചികില്‍സയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും മികച്ച ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രിക്ക് കത്തയച്ചത് സ്വാഗതാര്‍ഹമാണ്.
സിദ്ദീഖ് കാപ്പന്റെ കൂടെ തടവിലാക്കപ്പെട്ട റഊഫ് ശരീഫിനും കൊാവിഡ് സ്ഥിരീകരിക്കുകയും ആരോഗ്യപ്രശനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. റഊഫ് ശരീഫ്, സിദ്ദീഖ് കാപ്പന്‍, അന്‍ഷാദ്, ഫിറോസ് എന്നീ മലയാളികളാണ് കള്ളക്കേസ് ചുമത്തപ്പെട്ട് യുപിയിലെ ജയിലില്‍ കഴിയുന്നത്. യുപിയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയും ചികിത്സാ സംവിധാനം കാര്യക്ഷമമല്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ തടവിലാക്കപ്പെട്ടവരുടെ കാര്യം ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ ചികില്‍സ ഉറപ്പാക്കുന്നതിനൊപ്പം ഇവരുടെ മോചനത്തിനായും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയതിനാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ ചിലരെ യുഎപിഎ ചുമത്തി ജയിലിലടച്ചത്. വിയോജിക്കുന്നവരെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധി നേടിയതാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍. ഇരകളെ വേട്ടയാടുകയും അക്രമികളെ താലോലിക്കുകയും ചെയ്യുന്ന യോഗി സര്‍ക്കാര്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, ദലിതര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, വിമര്‍ശകര്‍ തുടങ്ങിയവരെയൊക്കെ ഇല്ലാതാക്കുന്നതില്‍ യോഗിയും സംഘവും ഒന്നാമനാവാന്‍ മത്സരിക്കുകയാണ്.

നിരപരാധികളായ മലയാളികളെ വേട്ടയാടുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ മൗനം വെടിഞ്ഞ് ഇടപെടാന്‍ തയ്യാറാവണം. സംഭവത്തിന് പിന്നിലെ വസ്തുത മനസ്സിലാക്കി നീതിക്കൊപ്പം നിലയുറപ്പിക്കണം. അന്യായമായി തടവിലാക്കിയവരെ അടിയന്തരമായി വിട്ടയയ്ക്കണമെന്നും നിരപരാധികളായ യുവാക്കളെ കള്ളക്കേസെടുത്തു തടവിലാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സെക്രട്ടറിമാരായ എസ് നിസാര്‍, പി പി റഫീഖ്, സി എ റഊഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it