Sub Lead

കുസാറ്റ് ദുരന്തം; നവകേരള സദസ്സ് റദ്ദാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക്

ദുഖസൂചകമായി നവകേരളാ സദസ്സില്‍ നാളെ നടത്താനിരുന്ന ആഘോഷപരിപാടികള്‍ ഒഴിവാക്കി.

കുസാറ്റ് ദുരന്തം; നവകേരള സദസ്സ് റദ്ദാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക്
X

കൊച്ചി: കുസാറ്റ് സര്‍വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാര്‍ഥികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമറിഞ്ഞ് കോഴിക്കോട് നടക്കുന്ന നവകേരളാ സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് പുറപ്പെട്ടത്. ദുഖസൂചകമായി നവകേരളാ സദസ്സില്‍ നാളെ നടത്താനിരുന്ന ആഘോഷപരിപാടികള്‍ ഒഴിവാക്കി.പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥലത്തേക്ക് പുറപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ കൂടുതല്‍ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചികില്‍സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി കോഴിക്കോടുനിന്ന് ഏകോപനം ചെയ്യും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. ഇന്ന് വൈകീട്ട് ഏഴോടെയാണ് സംഭവമുണ്ടായത്.

സംഭവത്തെക്കുറിച്ച് എറണാകുളം ജില്ലാ കലക്ടര്‍, പോലിസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേരാണ് മരിച്ചത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരണപ്പെട്ടത്. 2000ത്തിലേറെ കുട്ടികള്‍ പഠിക്കുന്ന എന്‍ജിനീയറിങ് കോളജില്‍ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ സമാപനദിനത്തില്‍ ഗാനമേളയ്ക്കിടെയാണ് അപകടം.

Next Story

RELATED STORIES

Share it