Sub Lead

അന്വേഷണ മേല്‍നോട്ടം ശ്രീജിത്തിനല്ല; പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍

ഹരജി പരിഗണിച്ച കോടതി, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

അന്വേഷണ മേല്‍നോട്ടം ശ്രീജിത്തിനല്ല; പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല എസ് ശ്രീജിത്ത് ഐപിഎസിന് അല്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന് ആണ് അന്വേഷണ ചുമതല. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എസ് ശ്രീജിത്തിനെ സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് സിനിമാ സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണത്തില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ഹരജിയില്‍ ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു.

ഈ ഹരജി പരിഗണിച്ച കോടതി, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ തെളിവ് ഹാജരാക്കാന്‍ കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഹരജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. കൃത്യമായ തെളിവ് ഹാജരാക്കാത്തതില്‍ കോടതി പ്രോസിക്യൂഷനെ അതൃപ്തി അറിയിച്ചു. ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ അഭിഭാഷകനോട് കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it