Sub Lead

നവോത്ഥാന സമിതിയില്‍ പിളര്‍പ്പ്; ഹിന്ദു പാര്‍ലമെന്റിലെ 50ലധികം സമുദായസംഘടനകള്‍ സമിതി വിടുന്നു

നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍നിന്ന് അകന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യകാരണമെന്നാണ് സൂചന. നവോത്ഥാന മൂല്യസംരക്ഷണസമിതി സംവരണ മുന്നണി മാത്രമായി മാറിയെന്നാണ് ഹിന്ദു പാര്‍ലമെന്റ് നേതാക്കളുടെ ആരോപണം.

നവോത്ഥാന സമിതിയില്‍ പിളര്‍പ്പ്; ഹിന്ദു പാര്‍ലമെന്റിലെ 50ലധികം സമുദായസംഘടനകള്‍ സമിതി വിടുന്നു
X

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാനമൂല്യ സംരക്ഷണസമിതി പിളര്‍പ്പിലേക്ക്. നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സി പി സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 50ലധികം സമുദായസംഘടനകളാണ് സമിതി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസ്സമായതിനാലാണ് പിന്‍മാറുന്നതെന്ന് സി പി സുഗതന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് പുറത്തുപോവുന്നവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതായാണ് വിവരം. സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായസംഘടനകളില്‍ 50ലേറെ ഹൈന്ദവസംഘടനകളാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ പുറത്തുപോവുന്നത്.

വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് വിവരം. നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍നിന്ന് അകന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യകാരണമെന്നാണ് സൂചന. നവോത്ഥാന മൂല്യസംരക്ഷണസമിതി സംവരണ മുന്നണി മാത്രമായി മാറിയെന്നാണ് ഹിന്ദു പാര്‍ലമെന്റ് നേതാക്കളുടെ ആരോപണം. ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്റ് ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സി പി സുഗതന്‍ അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി.

എന്നാല്‍, സംഘപരിവാര്‍ സംഘടനകള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്എന്‍ഡിപിക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാര്‍ലമെന്റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി രംഗത്തുണ്ടായിരുന്നു. പിന്നീട് നവോത്ഥാന സമിതി സ്ഥിരംസമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്റ് നേതാക്കള്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നവോത്ഥാന വിഷയങ്ങളില്‍ സമിതി പ്രചാരണം നടത്തരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സമിതി രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിനെയും മുഖ്യമന്ത്രി വിലക്കിയിരുന്നു. അതേസമയം, സമിതിയിലുള്ള സംഘടനകള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം നിലപാടെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പലകാരണങ്ങളാല്‍ സമിതിയുടെ ജില്ലാതല കൂട്ടായ്മകളും കൃത്യമായി നടന്നിരുന്നില്ല. സമിതിയിലെ ഭിന്നതയും സംഘാടന ചെലവ് ആരുവഹിക്കുമെന്ന തര്‍ക്കമുള്ളതുമാണ് കൂട്ടായ്മകള്‍ ഉപേക്ഷിക്കാനുള്ള കാരണം. നവോത്ഥാന സമിതിയില്‍ ഏറെനാളായി പുകഞ്ഞുകൊണ്ടിരുന്ന അഭിപ്രായഭിന്നതകളാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it