Sub Lead

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; നാളെ വീണ്ടും ഹാജരാവണമെന്ന് ഇഡി

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; നാളെ വീണ്ടും ഹാജരാവണമെന്ന് ഇഡി
X

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. മൂന്നാം ഘട്ട ചോദ്യം ചെയ്യലിനായി നാളെ ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. സോണിയാ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചതെന്നാണ് റിപോര്‍ട്ട്. രാഹുല്‍ ഗാന്ധിയോട് ചോദിച്ച അതേ വിവരങ്ങളാണ് സോണിയാ ഗാന്ധിയോടും തേടിയത്. നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

രാവിലെ 11 മണിയോടെ മകന്‍ രാഹുല്‍ ഗാന്ധിക്കും മകള്‍ പ്രിയങ്കാ ഗാന്ധി വദ്രയ്ക്കും ഒപ്പമാണ് സോണിയാ ഗാന്ധി അന്വേഷണ ഏജന്‍സിയുടെ ഓഫിസിലെത്തിയത്. ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ വൈദ്യസഹായം ആവശ്യമായി വന്നാല്‍ നല്‍കുന്നതിനായി പ്രിയങ്കാ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെ മറ്റൊരു മുറിയില്‍ മരുന്നുകളുമായി ഇരിക്കുന്നുണ്ടായിരുന്നു. അതേസമയം, ആറ് മണിക്കൂറിന് ശേഷം രാഹുല്‍ ഗാന്ധിയും പുറത്തിറങ്ങി. സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. വിജയ് ചൗക്കില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു കസ്റ്റഡി.

രാഹുലിനൊപ്പം മറ്റ് എംപിമാരേയും പോലിസ് ബലപ്രയോഗത്തിലൂടെ നീക്കി. എഐസിസി ആസ്ഥാനവും സംഘര്‍ഷഭരിതമായി. മനോവീര്യം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. തൊഴിലില്ലായ്മ, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളില്‍ ചോദ്യം ചോദിക്കരുതെന്നാണ് കേന്ദ്ര നിലപാടെന്നും രാഹുല്‍ കസ്റ്റഡിയിലിരിക്കെ ട്വീറ്റ് ചെയ്തു. അന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്നുമുള്ള പരാതിയുമായാണ് രാഷ്ട്രപതിയെ കാണാന്‍ പ്രതിഷേധ മാര്‍ച്ചായി എംപിമാര്‍ നീങ്ങിയത്.

പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിരോധനമുള്ള വിജയ് ചൗക്കില്‍ മാര്‍ച്ച് ഡല്‍ഹി പോലിസ് തടഞ്ഞു. ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊടിക്കുന്നില്‍ സുരേഷ്, രമ്യാ ഹരിദാസ്, ടിഎന്‍ പ്രതാപന്‍ തുടങ്ങിയ എംപിമാരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. വലിച്ചഴച്ചാണ് എംപിമാരെ നീക്കിയത്. ഇഡി നടപടിക്കെതിരേ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it