Sub Lead

സോളാര്‍ പീഡനത്തില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയോ ?: പരാതിക്കാരിയുടെ കത്ത് 21 പേജ് മാത്രമായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട്

സോളാര്‍ പീഡനത്തില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയോ ?: പരാതിക്കാരിയുടെ കത്ത് 21 പേജ് മാത്രമായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട്
X

കൊട്ടാരക്കര: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീ താന്‍ ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് എഴുതിയ കത്തില്‍ 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന് ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിച്ചു. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പാണ് കൊട്ടാരക്കര കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയെ ലൈംഗികപീഡന ആരോപണത്തില്‍ കുടുക്കാന്‍ നാലു പേജ് അധികമായി ചേര്‍ത്തെന്ന ആരോപണം ശരിയാണെന്ന സൂചനയാണ് വിശ്വനാഥക്കുറുപ്പിന്റെ മൊഴി നല്‍കുന്നത്.

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സ്ത്രീയെ 2013 ജൂലൈ 20നാണ് പോലിസ് ജയിലില്‍ എത്തിച്ചതെന്ന് വിശ്വനാഥക്കുറുപ്പ് വിശദീകരിച്ചു. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ത്രീയെ എത്തിച്ചത്. ജയില്‍ ചട്ടപ്രകാരമുള്ള ദേഹപരിശോധനക്കിടെയാണ് 21 പേജുള്ള കത്ത് കണ്ടെത്തിയത്. അഭിഭാഷകന് നല്‍കാനുള്ള കത്താണ് എന്ന് സ്ത്രീ പറഞ്ഞതോടെ അത് അവര്‍ക്ക് തന്നെ തിരികെ നല്‍കി. ജൂലൈ 24ന് അഡ്വ. ഫെനി ബാലകൃഷ്ണന്‍ സ്ത്രീയെ കാണാന്‍ ജയിലില്‍ എത്തി. അന്ന് ചട്ടപ്രകാരം കത്ത് അയാള്‍ക്ക് നല്‍കി. അതിന്റെ രസീതിയും വിശ്വനാഥക്കുറുപ്പ് കോടതിയില്‍ ഹാജരാക്കി.

സോളാര്‍ ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷന് സ്ത്രീ നല്‍കിയ കത്തില്‍ 25 പേജുണ്ടായിരുന്നു. ജയിലില്‍ കണ്ട കത്തില്‍ 21 പേജേ ഉണ്ടായിരുന്നുള്ളൂ. ഈ അധികമുള്ള പേജ് ഗൂഡാലോചനയുടെ ഭാഗമായി ചേര്‍ത്തതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ കേസാണ് കൊട്ടാരക്കര കോടതി പരിഗണിക്കുന്നത്. നിലവിലെ ഗതാഗത മന്ത്രി ഗണേഷ് കുമാറും സ്ത്രീയും ഗൂഡാലോചന നടത്തി നാലു പേജുകള്‍ ചേര്‍ത്തുവെന്നാണ് കേസ്.

Next Story

RELATED STORIES

Share it