Big stories

മുസ് ലിം കച്ചവടക്കാരനെതിരായ ആക്രമണം: ബജ്‌റംഗ്ദള്‍ സംഘത്തെ തടഞ്ഞ ദീപക്കിനെതിരേ കേസെടുത്ത് പോലിസ്

-ഹിന്ദുത്വ സംഘം നടത്തിയത് നിരവധി വര്‍ഗീയ ആക്രമണങ്ങള്‍

മുസ് ലിം കച്ചവടക്കാരനെതിരായ ആക്രമണം:  ബജ്‌റംഗ്ദള്‍ സംഘത്തെ തടഞ്ഞ ദീപക്കിനെതിരേ കേസെടുത്ത് പോലിസ്
X


ന്യൂഡല്‍ഹി: കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം കടയുടമയെ അക്രമിക്കാനെത്തിയ ബജ്‌റംഗ്ദള്‍ സംഘത്തെ തടഞ്ഞ ജിം ഉടമ ദീപക് കുമാറിനും സുഹൃത്ത് വിജയ് റാവത്തിനും എതിരേ കേസെടുത്ത് ഉത്തരാഖണ്ഡ് പോലിസ്. പൗരി ഗര്‍വാള്‍ ജില്ലയിലെ മുസ് ലിം കടയുടമയെ ആണ് സംഘം അക്രമിച്ചത്. വിഎച്ച്പി നേതാവ് ഗൗരവ് കശ്യപ്, ബജ്‌റംഗ്ദള്‍ പ്രാദേശിക നേതാവ് കമല്‍ പാല്‍ എന്നിവരുടെ പരാതിയിലാണ് ദീപക് കുമാറിനും റാവത്തിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ വാച്ചുകളും പണവും മോഷ്ടിച്ചതായും ജാതീയമായി അധിക്ഷേപിച്ചതായും ആരോപിച്ചാണ് കുമാറിനും റാവത്തിനും എതിരെ കേസെടുത്തിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 26 നാണ് കേസിനാസ്പതമായ സംഭവം. വക്കീല്‍ അഹമ്മദിന്റെ കടയില്‍ ബജ്‌റംഗ് ദള്‍ സംഘം അതിക്രമിച്ച് കയറി അദ്ദേഹത്തിന്റെ കടയുടെ പേരില്‍ 'ബാബ' എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്തെ ജിം ഉടമ ദീപക് കുമാറും സുഹൃത്ത് വിജയ് റാവത്തും ചേര്‍ന്ന് ബജ്‌റംഗ്ദള്‍ സംഘത്തെ തടഞ്ഞു.

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ദീപക് കുമാറിന്റെ ജിമ്മിന് സമീപം ബജ്‌റംഗ്ദള്‍ സംഘം സംഘടിച്ചെത്തുകയും പോലിസിന്റെ മുന്നില്‍ വച്ച് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയുയം ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ ദേശീയ പാതയും ഉപരോധിച്ചു.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തിരിച്ചറിയാത്ത രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, അഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെയും കണ്ടാലറിയാത്ത നിരവധി പേര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത എഫ്ഐആറില്‍ അതിക്രമിച്ചു കടക്കല്‍, സമാധാന ലംഘനത്തിന് മനഃപൂര്‍വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണി, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെച്ച വീഡിയോയില്‍, അഹമ്മദിന്റെ കടയ്ക്ക് 'ബാബ' എന്ന വാക്ക് ഉപയോഗിക്കാന്‍ അനുവാദിക്കില്ലെന്ന് പറയുന്നവര്‍ എന്തുകൊണ്ട് മറ്റ് കടകള്‍ക്ക് അനുമതി നല്‍കിയെന്ന് ദീപക് കുമാര്‍ ബജ്‌റംഗ്ദള്‍ സംഘത്തോട് ചോദിക്കുന്നത് കണാം. കടയ്ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ഇപ്പോള്‍ അതിന്റെ പേര് മാറ്റണമെന്ന ആവശ്യം എന്ത് അടിസ്ഥാനത്തിലാണെന്നും ദീപക് ചോദിക്കുന്നുണ്ട്.

ബജ്‌റംഗ്ദള്‍ സംഘം പേര് ചോദിച്ചപ്പോള്‍ 'എന്റെ പേര് മുഹമ്മദ് ദീപക്' എന്ന് ദീപക് മറുപടി പറഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ''ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അറിയിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്,'' ദീപക് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

''ഞാന്‍ ഒരു ഹിന്ദുവല്ല, മുസ്‌ലിം അല്ല, സിഖുമല്ല, ക്രിസ്ത്യാനിയുമല്ല. ഒന്നാമതായി, ഞാന്‍ ഒരു മനുഷ്യനാണ്. കാരണം ഞാന്‍ മരിച്ചതിനുശേഷം, ഒരു മതത്തോടും ദൈവത്തോടുമല്ല, മനുഷ്യത്വത്തോടാണ് ഞാന്‍ ഉത്തരം പറയേണ്ടത്.' കുമാര്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിയില്‍ പറഞ്ഞു. ഹിന്ദുവായാലും മുസ്‌ലിമായാലും ആരെയും അവരുടെ മതത്തിന്റെ പേരില്‍ ലക്ഷ്യം വയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കുമാറിനും റാവത്തിനുമെതിരെ എഫ്ഐആര്‍ ഫയല്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മനുഷ്യത്വത്തിനുവേണ്ടി സംസാരിച്ചതിനും ഒരു മുസ്‌ലിം പൗരനെ ഭീഷണിപ്പെടുത്തുന്നതിനെ എതിര്‍ത്തതിനും മാത്രമാണ് കുമാറിനെ ലക്ഷ്യം വയ്ക്കുന്നതെന്ന് അവര്‍ പറഞ്ഞു.

അതേസമയം, ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ മുസ് ലിം കച്ചവടക്കാരനേയും സംരക്ഷിക്കാനെത്തിയ ദീപക്കിനേയും ആക്രമിച്ച ബജ്‌റംഗ് ദള്‍ സംഘം തൊട്ട് മുന്‍പുള്ള ദിവസങ്ങളിലും നിരവധി വര്‍ഗീയ ആക്രമണങ്ങള്‍ നടത്തിയതായി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതേ ബജ്റംഗ്ദള്‍ ക്രിമിനല്‍ സംഘം അടുത്തിടെ ഡെറാഡൂണിലെ ഡെറാ സ്‌കൂളില്‍ അതിക്രമിച്ചു കയറി ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഗാനം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ചിരുന്നു.


തൊട്ടടുത്ത ദിവസം തന്നെ ലൗവ് ജിഹാദ് ആരോപിച്ച് ജിം പരിശീലകനായ മുസ് ലിം യുവാവിനെ അക്രമിച്ചു പരസ്യമായി പൊതുനിരത്തിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ദിവസങ്ങളുടെ ഇടവേളകളില്‍ നിരവധി വര്‍ഗീയ ആക്രമണങ്ങള്‍ നടത്തിയിട്ടും ബജ്‌റംഗ്ദള്‍ സംഘത്തിനെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.



Next Story

RELATED STORIES

Share it