Sub Lead

സോളാര്‍ പീഡനക്കേസ്: ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

രാവിലെ 8.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 12.30വരെ നീണ്ടു. ചോദ്യം ചെയ്യലുമായി പ്രതികരിക്കാന്‍ അബ്ദുല്ലക്കുട്ടി തയ്യാറായില്ല. 2013 ല്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

സോളാര്‍ പീഡനക്കേസ്: ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു
X

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ആറു പേര്‍ക്കെതിരേയാണ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഹാജരാകാന്‍ സിബിഐ അബ്ദുല്ലക്കുട്ടിക്ക് നോട്ടിസ് നല്‍കിയിരുന്നു.

രാവിലെ 8.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 12.30വരെ നീണ്ടു. ചോദ്യം ചെയ്യലുമായി പ്രതികരിക്കാന്‍ അബ്ദുല്ലക്കുട്ടി തയ്യാറായില്ല. 2013 ല്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എംപി, മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയിലും അനില്‍കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാര്‍ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതേസമയം, പീഡന കേസില്‍ ഹൈബി ഈഡന്‍ എംപിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് സിബിഐ സംഘം കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.

നാല് വര്‍ഷത്തോളം കേരള പോലിസ് അന്വേഷിച്ചിട്ടും സോളാര്‍ ലൈംഗിക പീഡന പരാതിയില്‍ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടപടി അന്ന് വന്‍ രാഷ്ട്രീയ വിവാദവുമായി. പരാതി വ്യാജമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it