Sub Lead

കൈയില്‍ പാമ്പും എലികളും; നടന്‍ സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഗോത്രവിഭാഗങ്ങളുടെ പ്രകടനം

കൈയില്‍ പാമ്പും എലികളും; നടന്‍ സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഗോത്രവിഭാഗങ്ങളുടെ പ്രകടനം
X

ചെന്നൈ: നടന്‍ സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ച് തമിഴ്‌നാട്ടില്‍ ഗോത്രവിഭാഗങ്ങളുടെ പ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനുളള ആദരവ് അറിച്ചുകൊണ്ടായിരുന്നു പ്രകടനം. ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി ഒടിടി റിലീസായി അടുത്തിടെ പുറത്തിറങ്ങിയ 'ജയ് ഭീം'എന്ന ചിത്രം തങ്ങളുടെ പ്രതിസന്ധികളെ വെളിച്ചത്തുകൊണ്ടുവന്നെന്ന് തമിഴ്‌നാട് ട്രൈബല്‍ നൊമാഡ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം ആര്‍ മുരുകന്‍ പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്'- മുരുകന്‍ കൂട്ടിച്ചേര്‍ത്തു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചന്ദ്രു എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെ പ്രതീകവത്കരിച്ച് കൈകളില്‍ എലികളെയും പാമ്പുകളെയും വഹിച്ച തിങ്കളാഴ്ച മധുരൈ കലക്ടറേറ്റിനു മുന്നില്‍ വിവിധ ഗോത്രവിഭാഗങ്ങളിലുള്ള അമ്പതോളം പേര്‍ ഒത്തുകൂടി. കാട്ടുനായ്കര്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് അണിനിരന്നത്.

ചിത്രം തങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വണ്ണിയാര്‍ സമുദായ സംഘടന രംഗത്തെത്തിയിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന് തമിഴ്‌നാട്ടിലെ 20 ലക്ഷത്തോളം ആദിവാസികള്‍ സൂര്യയ്‌ക്കൊപ്പമാണെന്നായിരുന്നു എം ആര്‍ മുരുകന്റെ മറുപടി. നവംബര്‍ രണ്ടിനാണ് 'ജയ് ഭീം' ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. സൂര്യയുടെ തന്നെ നിര്‍മാണക്കമ്പനി 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സൂരറൈ പോട്രിനുശേഷമുള്ള സൂര്യയുടെ ഡയറക്ട് ഒടിടി റിലീസുമായിരുന്നു ചിത്രം. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it