Sub Lead

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷം

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷം
X

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍- 2021 പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിതമായാണ് സഭയിലെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തി മന്ത്രി ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരണത്തെ എതിര്‍ത്ത് സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ബില്ലിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി ലോക്‌സഭയിലെ അജണ്ടയില്‍ ഉച്ചയോടെ ഉള്‍പ്പെടുത്തിയാണ് സ്മൃതി ഇറാനി ബില്ല് അവതരിപ്പിച്ചത്. ബില്ല് 12 മണിയോടെ സഭയിലെ എംപിമാര്‍ക്ക് വിതരണം ചെയ്തിരുന്നു. വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കുമെന്നാണ് ബില്ലില്‍ വ്യക്തമാക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റിക്ക് ബില്ല് വിടണമെന്ന പ്രതിപക്ഷ ആവശ്യം സഭ അംഗീകരിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണമാന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

നമ്മുടെ രാജ്യത്ത് സ്ത്രീസമത്വം വിവാഹപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കാണേണ്ടതുണ്ടെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി ബില്‍ അവതരണം തുടങ്ങിയത്. എന്നാല്‍, കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയ് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ബില്ലിനെതിരേ എതിര്‍പ്പ് ഉന്നയിച്ച് രംഗത്തുവന്നു. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത് ഇത് രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണെന്ന് എന്‍സിപി എംപി സുപ്രിയ സുലെ ആരോപിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവാഹത്തില്‍ തുല്യാവകാശം വേണ്ടതാണ്. ഈ ഭേദഗതി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത നല്‍കുന്നു. 21ാം വയസ്സില്‍ ഇരുവരെയും വിവാഹം കഴിക്കാന്‍ അനുവദിച്ചു. ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത് 21 ലക്ഷം ശൈശവവിവാഹങ്ങള്‍ നിര്‍ത്തേണ്ടിവന്നുവെന്നും പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും കണ്ടെത്തി. അതിനാല്‍, നിങ്ങള്‍ സ്ത്രീകളെ അവരുടെ സമത്വത്തിനുള്ള അവകാശത്തില്‍നിന്ന് തടയുകയാണെന്നും അവര്‍ പറഞ്ഞു.

ബില്ലിനോട് നിയമകമ്മീഷനു പോലും എതിര്‍പ്പുണ്ടായിരുന്നതിനാല്‍ അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയക്കണമെന്ന് ഗൊഗോയ് പറഞ്ഞു. തിടുക്കത്തില്‍ കൊണ്ടുവന്ന ബില്ലിനെ എതിര്‍ക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മൗലികാവകാശങ്ങള്‍ക്കെതിരാണെന്നും ഉവൈസി പറഞ്ഞു. 18 വയസ്സുള്ള ഒരാള്‍ക്ക് വോട്ടുചെയ്യാം, പക്ഷേ വിവാഹം കഴിക്കാന്‍ കഴിയില്ലേ ? നിങ്ങളുടെ 'ബേട്ടി ബച്ചാവോ പ്രോഗ്രാം' എന്തിനെക്കുറിച്ചാണ്?- ഉവൈസി ചോദിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവും എതിര്‍പ്പും അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it