Sub Lead

മുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ നരനായാട്ട്; നാളെ പോപുലര്‍ ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ച്

മുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ നരനായാട്ട്; നാളെ പോപുലര്‍ ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ച്
X

ആലപ്പുഴ: ജനമഹാസമ്മേളനത്തില്‍ വിളറിപൂണ്ട സംഘപരിവാറിന്റെ കുപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് ജില്ലയിലാകമാനം പോലിസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ്. രാപ്പകല്‍ ഭേദമില്ലാതെ പോലിസ് വീടുകള്‍ കയറിയിറങ്ങി നിരപരാധികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലിസ് ഇരുപതിലധികം പ്രവര്‍ത്തകരെയും ഡിവിഷന്‍ ഭാരവാഹികള്‍, എസ്ഡിപിഐ ഭാരവാഹികള്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ജനലക്ഷങ്ങള്‍ അണിനിരന്ന ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരുപറഞ്ഞാണ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള നരനായാട്ട് പോലിസ് നടത്തുന്നത്. ആര്‍എസ്എസ്സിനെതിരായ മുദ്രാവാക്യമാണെന്ന് ബോധ്യമുണ്ടായിട്ടും സംഘപരിവാര്‍ ഭാഷ്യം ഏറ്റുപിടിച്ച് നിരപരാധികളെ വേട്ടയാടുന്ന പോലിസ് ആര്‍എസ്എസ്സിന് ദാസ്യപ്പണി ചെയ്യുകയാണ്.

പോലിസിന്റെ ഈ നിലപാട് ഏകപക്ഷീയമാണ്. ജനലക്ഷങ്ങള്‍ പങ്കെടുത്ത റാലിയിലും, മണിക്കൂറുകള്‍ നീണ്ടുനിന്ന പൊതുസമ്മേളനത്തിലെ പ്രസംഗങ്ങളിലും നിയമവിരുദ്ധമായ ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതര മതവിഭാഗങ്ങള്‍ക്കെതിരേ സംഘാടകര്‍ ഔദ്യോഗികമായി നല്‍കാത്ത മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞ് ആര്‍എസ്എസ് ഉണ്ടാക്കിയ പ്രചരണത്തില്‍ തലവച്ചുകൊടുക്കുകയാണ് പോലിസ് ചെയ്തിരിക്കുന്നത്. പോലിസില്‍ ആര്‍എസ്എസ് വല്‍ക്കരണം ശക്തിപ്പെട്ട് വരുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തിന്റെ റിമാന്റ് റിപോര്‍ട്ടില്‍ പോലിസിന്റെ ആര്‍എസ്എസ് വിധേയത്വവും മുസ്‌ലിം വിരുദ്ധതയും പ്രകടമാണ്. ആലപ്പുഴ സൗത്ത് പോലിസ് തയ്യാറാക്കിയ റിമാന്റ് റിപോര്‍ട്ട് ഗുരുതരമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതും മതവിദ്വേഷം ആളിക്കത്തിക്കുന്നതുമാണ്. ആര്‍എസ്എസ്സിന്റെ ലഘുലേഖ അതേപടി പകര്‍ത്തിയാണ് പോലിസ് റിമാന്റ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ടതുണ്ട്.

വര്‍ഗീയവാദികളായ ആര്‍എസ്എസ്സിന്റെ നാവായി പോലിസും മാറുന്നത് അപകടകരമാണ്. ആര്‍എസ്എസ്സിനെതിരായി ഉയര്‍ത്തിയ മുദ്രാവാക്യത്തെ ഹിന്ദു- ക്രൈസ്തവ മതവിഭാഗങ്ങള്‍ക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലിസും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന് പോലും പോലിസില്‍ നിയന്ത്രണം നഷ്ടമായിരിക്കുന്നു. അല്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ആര്‍എസ്എസ്സിന്റെ ബി ടീമായി മാറിയിരിക്കുന്നു എന്നുവേണം കരുതാന്‍.

നിയമവാഴ്ചയുടെ പരസ്യമായ വിവേചനം നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുകയാണ് ചെയ്യുക. അത്തരമൊരു അപകടകരമായ നിലയിലേക്ക് നാടിനെ എത്തിക്കാതിരിക്കാനും പോലിസിനെ നേര്‍വഴിക്ക് നടത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണം. നിയമവിരുദ്ധമായ പോലിസ് വേട്ടയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 11 മണിക്ക് ആലപ്പുഴ എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ബോധപൂര്‍വമായ മുസ്‌ലിം വേട്ട തുടരാനാണ് നീക്കമെങ്കില്‍ അതിനെതിരായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ടുപോവുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it