Sub Lead

സീത, അക്ബര്‍ സിംഹ വിവാദം: പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി

സീത, അക്ബര്‍ സിംഹ വിവാദം: പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി
X
കൊല്‍ക്കത്ത: സീതയെന്നു പേരുള്ള പെണ്‍സിംഹത്തെയും അക്ബര്‍ എന്നു പേരുള്ള ആണ്‍സിംഹത്തെയും ബംഗാളിലെ സഫാരി പാര്‍ക്കില്‍ ഒന്നിച്ച് പാര്‍പ്പിച്ചതിനെതിരേ വിഎച്ച്പി നല്‍കിയ പരാതിയില്‍ സിംഹങ്ങളുടെ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നു നിരീക്ഷിച്ച കോടതി, മതേതര രാജ്യമായ ഇന്ത്യയില്‍ സിംഹത്തിന് സീത, അക്ബര്‍ എന്നീ പേരുകള്‍ ഇട്ട് എന്തിനാണ് അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതെന്നും ചോദിച്ചു. മൃഗങ്ങള്‍ക്ക് ഇത്തരം പേരുകള്‍ ആരാണ് ഇടുന്നത്?. ആരാണ് വിവാദം ഉണ്ടാക്കുന്നത്?. ദൈവങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും മഹാന്മാരായ സാഹിത്യകാരുടെയുമൊക്കെ പേരുകള്‍ നമ്മള്‍ മൃഗങ്ങള്‍ക്ക് ഇടാറുണ്ടോ?. എന്താനാണ് സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നുമൊക്കെ പേരിട്ട് വിവാദങ്ങളുണ്ടാക്കുന്നത്?. സീതയുടെ കാര്യം മാത്രമല്ല, അക്ബറിന്റെ പേരിട്ടതിനേയും അംഗീകരിക്കാന്‍ കഴിയില്ല. മഹാനായ ഭരണാധികാരിയായിരുന്നു അക്ബര്‍. സിംഹങ്ങളുടെ പേരുകള്‍ മാറ്റാന്‍ വേണ്ട നടപടികള്‍ പശ്ചിമബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍, സിംഹത്തിന് പേരിട്ടത് ത്രിപുര സര്‍ക്കാര്‍ ആണെന്നും പേര് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും ബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സീത എന്ന് പേരുള്ള പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തിനൊപ്പം പാര്‍പ്പിക്കാനുള്ള പശ്ചിമബംഗാള്‍ വനംവകുപ്പിന്റെ തീരുമാനത്തിനെതിരേ വിഎച്ച്പിയാണ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പൈഗുരി സര്‍ക്യൂട്ട് ബെഞ്ചിന് മുമ്പാകെയാണ് വിഎച്ച്പി പശ്ചിമബംഗാള്‍ ഘടകം ഹരജി നല്‍കിയത്. സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. പശ്ചിമ ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ സിംഹങ്ങളാണ് സീതയും അക്ബറും. ഫെബ്രുവരി 13നാണ് ഇരുസിംഹങ്ങളേയും ഇവിടേക്ക് കൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന ത്രിപുരയിലെ സിപാഹിജാലാ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളേയും സിലിഗുഡിയിലേക്ക് കൊണ്ടുവന്നത്.

Next Story

RELATED STORIES

Share it