Latest News

കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: '1976ല്‍ നിന്നും 2025ലേക്ക് കലണ്ടര്‍ മാറിയിട്ടും കോണ്‍ഗ്രസ്സ് ഒരിഞ്ചു മാറിയിട്ടില്ല'; ഷുക്കൂര്‍ വക്കീല്‍

കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: 1976ല്‍ നിന്നും 2025ലേക്ക് കലണ്ടര്‍ മാറിയിട്ടും കോണ്‍ഗ്രസ്സ് ഒരിഞ്ചു മാറിയിട്ടില്ല; ഷുക്കൂര്‍ വക്കീല്‍
X

കൊച്ചി: കര്‍ണാടകയില്‍ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് പൊളിച്ചുമാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ സി ഷുക്കൂര്‍. 1976 ഏപ്രിലില്‍ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടര്‍ മാറിയിട്ടും കോണ്‍ഗ്രസ് ഒരിഞ്ചുപോലും മാറിയിട്ടില്ലെന്നാണ് സി ഷുക്കൂര്‍ പറയുന്നത്. 1976ല്‍ സഞ്ജയ് ഗാന്ധിയും കൂട്ടാളികളും തുര്‍ക്കുമാന്‍ ഗെയ്റ്റില്‍ നിന്ന് ആയിരക്കണക്കിന് മനുഷ്യരെ ആട്ടിയോടിച്ചതുപോലെ 2025ല്‍ സിദ്ധരാമയ്യ സര്‍ക്കാരിന് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ച് എങ്ങനെയാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കാന്‍ കഴിയുന്നതെന്ന് ഷുക്കൂര്‍ വക്കീല്‍ ചോദിച്ചു. കുടിയിറക്കപ്പെട്ട മനുഷ്യരുടെ ജാതിയോ മതമോ അല്ല വിഷയമെന്നും അവര്‍ മനുഷ്യരാണ് എന്നതാണ് നമ്മെ അലട്ടേണ്ടതെന്നും സി ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ്;

പണ്ട്,

ബാബ്‌റി പള്ളി പൊളിക്കുന്നതിനും സിക്ക് കൂട്ട കൊല നടക്കുന്നതിനും മുമ്പ് നമ്മുടെ രാജ്യത്ത് ഒരു അടിയന്തിരാവസ്ഥ ഉണ്ടായിരുന്നു. ആ കാല ഘട്ടത്തില്‍ ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയും അയാളുടെ കൂട്ടാളികളായ കിഷന്‍ ചന്ദും പിന്നെ ബിജെപിയുടെ കയ്യാളായി മാറിയ ജഗ്മോഹനനും ചേര്‍ന്നു പോലീസിനെയും CRP ഭടന്മാരും ബുല്‍ഡോസ്‌റും ദില്ലി തുര്‍ക്കുമാന്‍ ഗെയ്റ്റില്‍ നിന്നും ജീവിച്ചിരുന്ന സാധാരണ മനുഷ്യരെ, ആയിര കണക്കിനു മനുഷ്യരെ ആട്ടിയോടിച്ചു അവരുടെ കിടപ്പാടങ്ങള്‍ മുഴുവന്‍ ഇരച്ചു നിരത്തി, എതിര്‍ക്കുവാന്‍ വന്നവര്‍ക്ക് നേരെ വെടി ഉതിര്‍ത്തു. പലരും മരിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പോലും നടത്തിയില്ല. ആ സംഭവം നടക്കുന്നത് 1976 ഏപ്രില്‍ മാസം. അന്നു രാജ്യത്ത് വാര്‍ത്തകള്‍ക്ക് സെന്‍സറിംഗ് ആണ് ആരും കാര്യങ്ങള്‍ അറിഞ്ഞില്ല.

എന്നിട്ടും അന്നത്തെ കാശ്മീര്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ല കാശ്മീരില്‍ നിന്നും അവിടേക്ക് വന്നു, അന്നത്തെ ദില്ലി ഇമാം അബ്ദുല്ല ബുഖാരി അവിടേക്ക് വന്നു, അന്നത്തെ രാഷ്ട്രപതി ഫഖറുദ്ദീന്‍ അലി അഹ്‌മദിന്റെ ഭാര്യയും അവിടേക്ക് വന്നു. തുര്‍ക്ക് മാന്‍ ഗേറ്റ് പൂര്‍ണ്ണമായും തകര്‍ത്തു. ആയിര കണക്കിനു മനുഷ്യര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. നൂറു വര്‍ഷം പഴക്കമുള്ള വീടുകള്‍ പോലും ആ തകര്‍ത്ത കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നു. ആ ദുരിതത്തില്‍ പെട്ടവരോട് ഐക്യപ്പെടുവാന്‍ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു.

1976ല്‍ മനുഷ്യര്‍ ഇത്രമേല്‍ connected അല്ല, മനുഷ്യവകാശങ്ങള്‍ ഗൗരവമായി ലോകം കാണുന്ന സാഹചര്യമല്ല, പാര്‍പ്പിടം അടിസ്ഥാന വിഷയമായി ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു പൗര സമൂഹമായി നമ്മള്‍ വളര്‍ന്നിട്ടില്ല. സുപ്രിം കോടതി പോലും ഇന്ദിരാ ഗാന്ധിയുടെ പക്ഷം ചേര്‍ന്നു മൗലിക അവകാശങ്ങള്‍ എടുത്തു കളയുവാന്‍ പച്ച കൊടി വീശിയ കാലം.

ഇന്നു, 2025ല്‍ കര്‍ണാടകയിലെ സിദ്ധാരമയ്യ സര്‍ക്കാറിനു മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചു എങ്ങിനെയാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുവാന്‍ തയ്യാറായത്? ആ കുടിയിറക്കപ്പെട്ട മനുഷ്യരുടെ മതമോ ജാതിയോ അല്ല വിഷയം, അവര്‍ മനുഷ്യരാണ് എന്നതാണ് നമ്മെ അലട്ടേണ്ടത്.

1948ലെ മനുഷ്യവകാശ പ്രഖ്യാപനം നമ്മുടെ മുന്നില്‍ ഉണ്ട്. ആ ചേരികള്‍ നശിപ്പിക്കണമെങ്കില്‍, അത്രയും മനുഷ്യര്‍ക്ക് താമസത്തിനുള്ള ബദല്‍ സംവിധാനം ഒരുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം, അവരെ കൂടി വിശ്വാസത്തിലെടുത്തു വേണമായിരുന്നു ചേരി നിര്‍മ്മാര്‍ജനം. ഇതു അക്രമണമാണ്. മനുഷ്യവകാശ ലംഘനം. ഭരണ കൂട ഭീകരത.

ഇവിടെയാണ് കേരള ബദല്‍ നമുക്ക് മാതൃകയാകുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റി സ്ഥാപിച്ച സ്ഥലത്ത് ജീവിച്ചിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കി, അതോടൊപ്പം അവരെ കൂടി വിശ്വാസത്തിലെടുത്താണ് പാളയം മാര്‍ക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റിയത്.

ബംഗ്ലൂരില്‍ അന്തരീക്ഷ ഊഷ്മാവ് 15 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണ്. ആ തണുപ്പിലേക്കാണ് ഒരു ഭരണ കൂടം ആ നാട്ടിലെ മനുഷ്യരെ തള്ളിയിട്ടിരിക്കുന്നത്. ഇന്നു ഷെയ്ഖ് അബ്ദുല്ലേ ജീവിച്ചിരിപ്പില്ല, ദില്ലി ഇമാം അബ്ദുല്ല ബുഖാരിയും ഇല്ല. ഫഖറുദ്ദീന്‍ അലി അഹ്‌മദിന്റെ ഭാര്യയും അങ്ങോട്ട് ചെല്ലാനില്ല. അവസാന ബസ്സിലെ ഡ്രൈവര്‍ രാഹൂല്‍ ഗാന്ധിയും കണ്ടക്ടര്‍ പ്രിയങ്ക ഗാന്ധിയും തല്‍ക്കാലം ബംഗ്ലൂര്‍ വഴി യാത്ര ചെയ്യുന്നുമില്ല.

ഈ കൊടും തണുപ്പില്‍ മൂന്നു മാസം പ്രായമുള്ള കുട്ടി മുതല്‍ എന്‍പത് വയസ്സുള്ള വൃദ്ധര്‍ വരെ തണുത്തു മരവിച്ചു ഉറച്ചു പോകട്ടെ, ഒരു മനുഷ്യവകാശ പ്രവര്‍ത്തകരും കമ്മീഷനും അവരെ കാണില്ല, കാരണം അവര്‍ വര്‍ത്തമാന ഇന്ത്യയില്‍ മനുഷ്യരേ അല്ലല്ലോ! മനുഷ്യര്‍ക്കെല്ലെ മനുഷ്യവകാശം ബാധകമാകൂ.

ഇവിടെ ഒരു സര്‍ക്കാര്‍ 5 ലക്ഷം മനുഷ്യര്‍ക്ക് കയറി കിടക്കുവാന്‍ വീടു നല്‍കുമ്പോഴാണ് തൊട്ടപ്പുറത്ത് മനുഷ്യരെ വീട്ടില്‍ നിന്നും ആട്ടിപ്പായിച്ച് മറ്റൊരു സര്‍ക്കാര്‍ തെരുവിലേക്ക് തള്ളുന്നത്.

തെരുവിലേക്ക് തള്ളപ്പെടുന്ന മനുഷ്യരുടെ മതം ചികയല്ലേ, അവരെ ഈ രാജ്യത്തെ മനുഷ്യരായി മാത്രം കണ്ട് നീതി നല്‍കിയാല്‍ മതി. ഇടതു ബദല്‍ ഒരിക്കല്‍ കൂടി മന്ഷ്യരിലേക്ക് അടുക്കുന്നു. 1976 ഏപ്രിലില്‍ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടര്‍ മാറിയിട്ടും കോണ്‍ഗ്രസ്സ് ഒരിഞ്ചു മാറിയിട്ടില്ല.

Next Story

RELATED STORIES

Share it