Top

ശാഹീന്‍ ബാഗ് പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദലിത്, ആദിവാസി സംഘടനകള്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര മേഖലയിലെ വനാവകാശങ്ങള്‍ക്കായുള്ള പോരാട്ടം പോലെ തന്നെ ശാഹീന്‍ ബാഗിലെ സമരത്തിനും സ്ത്രീകളാണ് നേതൃത്വം നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

ശാഹീന്‍ ബാഗ് പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദലിത്, ആദിവാസി സംഘടനകള്‍

ന്യൂഡല്‍ഹി: ശാഹീന്‍ ബാഗിലെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദലിത്, ആദിവാസി വിഭാഗങ്ങളിലെ 23 യൂനിയന്‍ നേതാക്കള്‍. ഓള്‍ ഇന്ത്യ യൂനിയന്‍ ഓഫ് ഫോറസ്റ്റ് വര്‍ക്കിംഗ് പീപ്പിള്‍ (എഐയുഎഫ്ഡബ്ല്യുപി) നേതാക്കളാണ് ഐക്യദാര്‍ഢ്യവുമായി ശാഹീന്‍ബാഗിലെത്തിയത്.


ലഖിംപൂര്‍ ഖിക്രി, സോണ്‍ഭദ്ര, മാണിക്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റോമ മാലിക്, സൊകലൊ ഗൊംദ്, രാജ്കുമാരി ഭുഇയ, കിസ്മതിയ ഗൊംദ് തുടങ്ങി നിരവധി മുതിര്‍ന്ന സംഘാടക അംഗങ്ങള്‍ പങ്കെടുത്തു. സോനഭദ്ര ഫോക്ക് ഗായകര്‍ പ്രതിഷേധ ഗാനങ്ങള്‍ ആലപിച്ചു. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര മേഖലയിലെ വനാവകാശങ്ങള്‍ക്കായുള്ള പോരാട്ടം പോലെ തന്നെ ശാഹീന്‍ ബാഗിലെ സമരത്തിനും സ്ത്രീകളാണ് നേതൃത്വം നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.


പരമ്പരാഗത വനാവകാശവും ഭൂമിയും തിരികെ ലഭിക്കാന്‍ ആദിവാസികളും ദലിതരും സമരം നടത്തുമ്പോള്‍ തടവറകള്‍ കൊണ്ടാണ് ഭരണകൂടം അവരെ നേരിടുന്നത്. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ഭുയിയ, ഗോണ്ട് തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ പ്രദേശത്ത് ആദിവാസികളുടേതുള്‍പ്പടെ കുടിവെള്ളം മലിനമാക്കുന്നതും അവരുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതുമായ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ കലാപവും കൊള്ളയും നടത്തിയെന്നും ആയുധങ്ങള്‍ കൈവശം വെച്ചുവെന്നും ആരോപിച്ച് പോലിസ് ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകളെ ഉള്‍പ്പടെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുകയായിരിക്കുന്നു. ഇത്തരത്തില്‍ ഭരണകൂട ഭീകരതയ്ക്കിരയായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളോട് പൗരത്വം തളിയിക്കാന്‍ അവരുടെ മൂന്ന് തലമുറ മുന്‍പുള്ള രേഖകള്‍ സമര്‍പിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. അതായത് 75 വര്‍ഷത്തെ ഭൂമി രേഖകളും മറ്റു തെളിവുകളും ഹാജരാക്കാന്‍ ആവശ്യപെട്ടതായും ആക്ടിവിസ്റ്റ് അമീര്‍ ഖാന്‍ പറഞ്ഞു.

അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ശാഹീന്‍ബാഗ് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ച് പോലിസ് പാതിവഴിയില്‍ തടഞ്ഞിരുന്നു. സമരവുമായി ബന്ധപ്പെട്ട് അമിത് ഷാ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വയോധികര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരായ സ്ത്രീകള്‍ അമിത് ഷായുടെ ഔദ്യോഗിക വസതിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ അമിതാ ഷായുമായുള്ള കൂടിക്കാഴ്ച പോലിസുകാര്‍ തടയുകയായിരുന്നുവെന്ന് ഖാന്‍ വ്യക്തമാക്കി.


2019 ഡിസംബര്‍ 15 നാണു പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശഹീന്‍ ബാഗ് സമരം ആരംഭിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് സമരത്തില്‍ അണിചേര്‍ന്നത്. പൗരത്വപ്രശ്‌നം മാത്രമല്ല ജാമിയ മിലിയ സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തോടുള്ള പ്രതിഷേധവും സമരം ആരംഭിക്കാന്‍ കാരണമായിരുന്നു. 61 ദിവസമായി നടക്കുന്ന സമരം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ദേശീയതലത്തില്‍ തന്നെ സമരങ്ങളുടെ ആസ്ഥാനമായി ശാഹീന്‍ബാഗ് മാറി. വിവിധ സംസ്ഥാനങ്ങളില്‍ ശാഹീന്‍ബാഗ് മാതൃകയില്‍ സമരം ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുക, ജയിലില്‍ അടച്ച പൗരത്വ പ്രക്ഷോഭകരെ ഉടന്‍ വിട്ടയക്കുക, പോലിസ് വെടിവയ്പ്പിലും ആക്രമണത്തിലും കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ശാഹീന്‍ ബാഗിലെ സമരക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്.Next Story

RELATED STORIES

Share it