Sub Lead

കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലിസുകാരനെ സ്ഥലം മാറ്റി

കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലിസുകാരനെ സ്ഥലം മാറ്റി
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലിസുദ്യോഗസ്ഥന്‍ ഷബീറിനെതിരേ അച്ചടക്ക നടപടി. മംഗലപുരം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ ഷബീറിനെ തിരുവനന്തപുരത്ത് എആര്‍ ക്യാംപിലേക്ക് മാറ്റി. സമരക്കാരനെ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റുപറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപോര്‍ട്ട് കിട്ടിയിട്ടും ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരേ വകുപ്പുതല നടപടിയും തുടരും.

കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ മുഖത്തടിച്ച് ഷബീര്‍ വീഴ്ത്തിയിരുന്നു. ഇതുകൂടാതെ ഷബീര്‍ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് പോലിസ് അതിക്രമമുണ്ടായത്.

തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോളാണ് സംഘര്‍ഷമുണ്ടായത്. ഇവരെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലിസുകാരന്‍ ബൂട്ടിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനെ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.

സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് പോലിസുകാരന്‍ അതിക്രം കാണിച്ചതെന്ന് വ്യക്തമാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലിസുകാരനെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരേ വിമര്‍ശനം ശക്തമായതോടെയാണ് ഇപ്പോള്‍ ഷബീറിനെതിരേ നടപടിയെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it