Sub Lead

പരിസ്ഥിതി ലോല മേഖല പുനര്‍നിര്‍ണ്ണയം കര്‍ഷക വിരുദ്ധം

സൈലന്റ് വാലിക്ക് ചുറ്റും 148 കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സംവേദക മേഖലയാക്കാനാണ് പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 27ന് മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതു പ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 വില്ലേജുകളിലെ മലയോര കര്‍ഷകരെ നിയമം സാരമായി ബാധിക്കും.

പരിസ്ഥിതി ലോല മേഖല പുനര്‍നിര്‍ണ്ണയം കര്‍ഷക വിരുദ്ധം
X

കുഞ്ഞിമുഹമ്മദ് കാളികാവ്

കാളികാവ്: സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റും മാറ്റി നിര്‍ണയിക്കുന്ന പരിസ്ഥിതി സംവേദക മേഖലയുടെ പുനര്‍നിര്‍ണയം കര്‍ഷക വിരുദ്ധമെന്ന് ആക്ഷേപം. സൈലന്റ് വാലിക്ക് ചുറ്റും 148 കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സംവേദക മേഖലയാക്കാനാണ് പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 27ന് മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതു പ്രകാരം പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 വില്ലേജുകളിലെ മലയോര കര്‍ഷകരെ നിയമം സാരമായി ബാധിക്കും.

രണ്ടു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച എതിര്‍പ്പുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും അടങ്ങുന്ന റിപോര്‍ട്ട് നല്‍കാനാണ് പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചത്. മണ്ണാര്‍ക്കാട് താലൂക്കിലെ മണ്ണാര്‍ക്കാട്, കല്ലമല ,പടവയല്‍, പാലക്കയം, പയ്യനടം, അലനല്ലൂര്‍, കോട്ടോ പാടം വില്ലേജുകളും, നിലമ്പൂര്‍ താലൂക്കിലെ കരുവാരക്കുണ്ട്, കേരള എസ്‌റ്റേറ്റ്, ചോക്കാട്, കാളികാവ് വില്ലേജുകളിലെ കര്‍ഷകരും പ്രതിസന്ധിയിലാവുക.

നിയമം പ്രാബല്യത്തിലാകുമ്പോള്‍ പദ്ധതിയോട് ചേര്‍ന്ന കൃഷിയിടത്തില്‍ വീടുവെക്കുന്നതിനൊ, ഖനനം നടത്തുന്നതിനൊ മരംമുറിക്കുന്നതിനൊ റിസോട്ടുകളൊ മറ്റു വ്യവസായങ്ങളൊ സ്ഥാപിക്കുന്നതിനൊ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം.

വന്യ ജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ആകാശദൂരം ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിയമം കര്‍ശനമാക്കുക. നേരത്തെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ഷകര്‍ സംഘടിച്ച് സമരം ചെയ്‌തെങ്കിലും ഉറപ്പൊന്നും ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയപ്പെടുന്നത്.

സ്വന്തം ഭൂമിയില്‍ യഥേഷ്ടം കയറിച്ചെല്ലാനാവില്ല എന്ന ഭയമാണ് കര്‍ഷകര്‍ക്കുള്ളത്. നേരത്തെ കസ്തൂരി രങ്കന്‍ റിപ്പോര്‍ട്ടിന്റെ പേരു പറഞ്ഞ് വനാതിര്‍ത്തിയോട് ചേര്‍ന്ന രണ്ടു കിലോമീറ്ററിനുള്ളിലെ ഭൂമി വില്‍ക്കാനൊ വാങ്ങാനോ കഴിയുന്നില്ല.മാര്‍ക്കറ്റ് വിലയുടെ നാലിലൊന്നു പോലും ലഭിക്കുന്നുമില്ല.

വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ തങ്ങളുടെ പരാതികള്‍ പരിസ്ഥിതി മന്ത്രാലയത്തെ നേരിട്ടറിയിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മാസം മന്ത്രാലയം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പുകള്‍ തദ്ദേശ സ്ഥാപനങ്ങളിലൊ വില്ലേജ് ഓഫീസുകളിലൊ എത്തിയിട്ടുമില്ല.

Next Story

RELATED STORIES

Share it