Sub Lead

ഉത്തരാഖണ്ഡില്‍ മദ്‌റസ തകര്‍ക്കുന്നത് ചെറുത്തു; വന്‍ സംഘര്‍ഷം, കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്

ഉത്തരാഖണ്ഡില്‍ മദ്‌റസ തകര്‍ക്കുന്നത് ചെറുത്തു; വന്‍ സംഘര്‍ഷം, കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്
X

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത നിര്‍മാണം ആരോപിച്ച് മദ്‌റസ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം പ്രദേശവാസികള്‍ ചെറുത്തതിനെ ചൊല്ലി വന്‍ സംഘര്‍ഷം. കല്ലേറും തീവയ്പുമുണ്ടായി. നിരവധി പോലിസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വന്‍ഭൂല്‍പുരയിലെ മദ്‌റസയാണ് അനധികൃതമാണെന്ന് ആരോപിച്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ബുള്‍ഡോസറുമായെത്തി പൊളിച്ചത്. വിവരമറിഞ്ഞ പ്രദേശവാസികള്‍ സംഘത്തിനു നേരെ കല്ലെറിഞ്ഞെന്നാണ് ആരോപണം. 50ലേറെ പോലിസുകാര്‍ക്ക് പരിക്കേറ്റതായും പലരെയും പ്രാദേശിക ആശുപത്രിയില്‍ പ്രവേശിച്ചതായുമാണ് റിപോര്‍ട്ട്. പോലിസിനു പുറമെ, മുനുസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘമാണ് മദ്‌റസ തകര്‍ക്കാനെത്തിയത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നാണ് ആരോപണം. തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പോലിസുകാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. പോലിസ് സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ടതായും ആരോപണമുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധിച്ച് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായും അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായും ജില്ലാ മജിസ്‌ട്രേറ്റ് മുഖ്യമന്ത്രിയെ അറിയിച്ചു. പ്രദേശത്ത് വന്‍തോതില്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് 'അനധികൃത കെട്ടിടം' പൊളിക്കാന്‍ പോയതെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. 'സാമൂഹിക വിരുദ്ധര്‍' പോലിസുമായി ഏറ്റുമുട്ടിയതായും പോലിസിന്റെയും കേന്ദ്ര സേനയുടെയും അധിക കമ്പനികളെ അവിടേക്ക് അയക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. കര്‍ഫ്യൂ നിലവിലുണ്ട്. തീയിട്ടവര്‍ക്കും കൈയേറ്റക്കാര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്‌റസയും നമസ്‌കാര സ്ഥലവും പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു. സമീപത്തെ മൂന്നേക്കര്‍ സ്ഥലം നഗരസഭ നേരത്തേ കൈവശപ്പെടുത്തുകയും അനധികൃത മദ്‌റസയും നമസ്‌കാര സ്ഥലവും സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ കെട്ടിടങ്ങളാണ് ഇന്ന് പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു. കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞു വരികയാണെന്നും അവരെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു. ചീഫ് സെക്രട്ടറിയും ഡെപ്യൂട്ടി പോലിസ് കമ്മീഷണറും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

Next Story

RELATED STORIES

Share it