Sub Lead

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: തിരുവനന്തപുരം പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കൂട്ടുപ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധു, അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യഹരജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതികളുടെ ഹരജികള്‍ ഹൈക്കോടതി തള്ളിയത്.

ആരോഗ്യസ്ഥിതി മോശമാണെന്നും തങ്ങള്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് ഇവര്‍ ജാമ്യഹരജിയില്‍ അവകാശപ്പെട്ടത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുള്ളതെന്നും ജാമ്യം ലഭിക്കാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. ഷാരോണ്‍ രാജ്- ഗ്രീഷ്മ പ്രണയബന്ധം തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഗ്രീഷ്മയെ മാനസികമായി തളര്‍ത്താനാണ് തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നുമുള്ള ഇവരുടെ വാദങ്ങളും കോടതി തള്ളി.

മൂന്ന് പ്രതികളും ചേര്‍ന്ന് ആസൂത്രിതമായി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുപ്രതികള്‍ ശ്രമിച്ചെന്നും പോലിസ് പറയുന്നു. നെയ്യാറ്റന്‍കര മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിന്ധുവും നിര്‍മലകുമാരന്‍ നായരും ഹൈക്കോടതിയെ സമീപിച്ചത്. കഷായത്തില്‍ വിഷം ചേര്‍ത്താണ് കാമുകിയായ ഗ്രീഷ്മ ഷാരോണിനെ വകവരുത്തിയത്.

ഷാരോണിന്റെ മരണമറിഞ്ഞ സിന്ധുവിനും നിര്‍മലകുമാരന്‍ നായര്‍ക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടര്‍ന്ന് കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ കേസില്‍ പ്രതിചേര്‍ത്തത്. കോളജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്.

ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാവാതെ വന്നതോടെ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കഷായം കുടിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികില്‍സയിലിരിക്കെ ഒക്ടോബര്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

Next Story

RELATED STORIES

Share it