Sub Lead

ശരദ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ? ചര്‍ച്ചകള്‍ സജീവം

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ശരദ് പവാറിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും താത്പര്യമുണ്ടെന്നാണ് റിപോര്‍ട്ട്. രാഷ്ട്രപതി തിരഞ്ഞടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുവായ അജണ്ട ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജൂണ്‍ 15നാണ് യോഗം വിളിച്ചിരിക്കുന്നത്.

ശരദ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ? ചര്‍ച്ചകള്‍ സജീവം
X

ന്യൂഡല്‍ഹി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ സാധ്യത. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ അണിനിരക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമവായ സ്ഥാനാര്‍ഥിയായി പവാറിനെ മല്‍സരിപ്പിക്കാനാണ് നീക്കം. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ശരദ് പവാറിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും താത്പര്യമുണ്ടെന്നാണ് റിപോര്‍ട്ട്. സമവായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ താല്‍പര്യം വ്യക്തമാക്കിയത്.

രാഷ്ട്രപതി തിരഞ്ഞടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുവായ അജണ്ട ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജൂണ്‍ 15നാണ് യോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് സോണിയ അടക്കമുള്ള ഇരുപത്തിരണ്ടോളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് മമത കത്തയച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ അടക്കമുള്ളവരുടെ പിന്തുണ മമത തേടിയിട്ടുണ്ട്.

മമത കത്തയച്ചതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പവാറിനെ നേരിട്ട് കണ്ട് ഇക്കാര്യം സൂചിപ്പിച്ചെന്നാണ് വിവരം. മുംബൈയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഖാര്‍ഗെ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഉദ്ധവ് അനുകൂലമായാണ് പ്രതികരിച്ചതെന്നും പിന്തുണ പവാറിനെ നേരിട്ട് അറിയിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങും പവാറിനെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.

പവാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ സോണിയ താല്‍പ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ മമതയും പവാറിന് പിന്തുണയറിച്ചിട്ടുണ്ടെന്നാണ് വിവരം. പവാറിനായി മറ്റു പ്രാദേശി പാര്‍ട്ടികളുടെയും പിന്തുണ തേടുമെന്ന് മമത അറിയിച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ പവാറിന് ലഭിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച മമത വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തില്‍ അന്തിമതീരുമാനമുണ്ടായേക്കും. അതേസമയം, പവാര്‍ ഇക്കാര്യത്തില്‍ മനസ് തുറന്നിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളായ പവാര്‍ നിരവധി സഖ്യങ്ങളും സഖ്യസര്‍ക്കാരുകളും ഉണ്ടാക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവയെ ഒന്നിപ്പിച്ച് മഹാരാഷ്ട്രയുടെ ഭരണസഖ്യം അദ്ദേഹം രൂപപ്പെടുത്തി. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18 നാണ് നടക്കുക.

ആവശ്യമെങ്കില്‍ വോട്ടെണ്ണല്‍ മൂന്ന് ദിവസത്തിന് ശേഷം നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിജെപിയുടെ തന്ത്രങ്ങള്‍ മെനയാനുള്ള ചുമതല പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനുമാണ്. എന്നാല്‍, ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ ബിജെപി ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുമൂല്യം കുറഞ്ഞെങ്കിലും കൂടുതല്‍ വിജയസാധ്യത ബിജെപിക്കാണ്.

Next Story

RELATED STORIES

Share it