Sub Lead

ശാഹീന്‍ ബാഗ് സമരം: മധ്യസ്ഥ ചര്‍ച്ച നാളെയും തുടരും

സുപ്രിംകോടതി അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരാണ് സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയത്

ശാഹീന്‍ ബാഗ് സമരം: മധ്യസ്ഥ ചര്‍ച്ച നാളെയും തുടരും
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ സമരം നടത്തുന്നവരുമായി സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ചര്‍ച്ച നടത്തി. പ്രക്ഷോഭകരുമായി നാളെയും ചര്‍ച്ച തുടരും. സുപ്രിംകോടതി അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരാണ് സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയത്. സമരവേദി മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. റോഡ് ഉപരോധിച്ചുള്ള സമരം ഒഴിവാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമം, ശാഹീന്‍ബാഗില്‍ നിന്ന് സമരവേദി മാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്നും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നുമുള്ള നിലപാടില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുന്നതായാണു വിവരം.

അതിനിടെ, മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന മധ്യസ്ഥ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് സമരപ്പന്തലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്ന് സമരക്കാര്‍ ആദ്യം നിലപാടെടെുത്തെങ്കിലും പിന്നീട് സഹകരിക്കുകയായിരുന്നു. എല്ലാവര്‍ക്കും സമരം ചെയ്യാനുള്ള അവകാശം സുപ്രിംകോടതി ശരിവച്ചിട്ടുണ്ടെങ്കിലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് ശരിയാണോ എന്നായിരുന്നു സംഘാംഗമായ സാധന രാമചന്ദ്രന്റെ ചോദ്യം. യാത്രക്കാര്‍ക്ക് സമരം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രോഗികളുമായി പോവാന്‍ ആംബുലന്‍സുകള്‍ക്ക് തടസ്സം നേരിടുന്നു. മാധ്യമങ്ങളെ ഒഴിവാക്കി ചര്‍ച്ചയാകാമെന്നും സാധന രാമചന്ദ്രന്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് സുപ്രിംകോടതി സമരക്കാരുമായി സാസാരിക്കാന്‍ മധ്യസ്ഥരെ നിയോഗിച്ചത്. ഡല്‍ഹി-നോയിഡ പാതയില്‍ സമരം കാരണം ഗതാഗതം തടസ്സപ്പെടുന്നത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതി ഇടപെടല്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രണ്ടുമാസത്തിലേറെയായി വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ശാഹീന്‍ബാഗില്‍ നടത്തുന്ന പ്രതിഷേധം സര്‍ക്കാരിനു തലവേദനയായി മാറിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ സമരക്കാരെ നിരന്തരം അവഹേളിക്കുകയും പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്ന് ആക്ഷേപിക്കുകയുമാണ്. കഴിഞ്ഞ ആഴ്ച ടൈംസ് നൗ ചാനലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ സിഎഎ വിഷയത്തില്‍ സംശയമുള്ള ആര്‍ക്കും തന്റെ ഓഫിസിലെത്തി ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ശാഹീന്‍ബാഗിലെ സമരക്കാര്‍ ഞായറാഴ്ച അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും പോലിസ് തടയുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംഭാഷണം നടത്താന്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുമെന്ന് പോലിസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞതെങ്കിലും ഇതുവരെ, അവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിട്ടില്ല.




Next Story

RELATED STORIES

Share it