Sub Lead

ഷാന്‍ കൊലക്കേസ്: 5 ആര്‍എസ്എസ്സുകാർ കൂടി പിടിയിൽ; കൊലയാളി സംഘാംഗങ്ങളും ഉണ്ടെന്ന് പോലിസ്

ഇതോടെ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന പത്ത് ആർഎസ്എസുകാരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

ഷാന്‍ കൊലക്കേസ്: 5 ആര്‍എസ്എസ്സുകാർ കൂടി പിടിയിൽ; കൊലയാളി സംഘാംഗങ്ങളും ഉണ്ടെന്ന് പോലിസ്
X

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേര്‍ പിടിയില്‍. അതുല്‍, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് പിടിയിലായത്. ഇപ്പോൾ പിടിയിലായവരിൽ കൊലയാളി സംഘാം​ഗങ്ങളും ഉണ്ടെന്നാണ് പോലിസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

പിടിയിലായ 5 പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇത് ആദ്യമായാണ് ഷാന്‍ വധക്കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പിടിയിലാകുന്നത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ നേരത്തെ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ട ആർ‍എസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും എണ്ണം 10 ആയി.

ഷാന്‍ വധക്കേസിലെ പ്രതികള്‍ക്കായി ജില്ലയില്‍ പോലിസ് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. ആലപ്പുഴയിലെ ആർഎസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ച് റെയ്ഡും നടന്നിരുന്നു. കാറിലെത്തി കൃത്യം നടത്തിയ സംഘം സേവാഭാരതിയുടെ ആംബുലന്‍സില്‍ കയറിയായിരുന്നു രക്ഷപെട്ടത്. 3 പ്രതികളെ അരൂരില്‍ നിന്നും 2 പേര കൈനകരിയിലെ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് പിടികൂടിയതെന്നാണ് പോലിസ് പറയുന്നത്.

കൊലയാളി സംഘത്തില്‍പ്പെട്ട മണ്ണഞ്ചേരി സ്വദേശി അതുൽ, ഗൂഢാലോചനയില്‍ പങ്കുള്ള ആര്യാട് സ്വദേശി ധനേഷ് എന്നിവർ കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. കുട്ടനാട്ടിലെ കൈനകരിയില്‍നിന്നാണ് ഇരുവരും പിടിയിലായത്. അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരെ അരൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവർ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന സ്ഥിരീകരണം ഇതുവരെ പോലിസിൽ നിന്ന് ഉണ്ടായിട്ടില്ല.

നേരത്തെ രാജേന്ദ്രപ്രസാദ്, രതീഷ് എന്നീ രണ്ട് പേരെ പോലിസ് പിടികൂടിയിരുന്നു. ഇവരാണ് കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ തരപ്പെടുത്തി നല്‍കിയതെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സേവാഭാരതി ആംബുലൻസ് ഡ്രൈവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന അഖിലും പിടിയിലായിരുന്നു. ഇന്ന് രാവിലെ ചാലക്കുടി താലൂക്ക് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ വീട്ടില്‍ കെ ടി സുരേഷ്(49), മംഗലത്ത് വീട്ടില്‍ ഉമേഷ് (27) എന്നിവർ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കിയതിനും അറസ്റ്റിലായിരുന്നു. ഇതോടെ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന പത്ത് ആർഎസ്എസുകാരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറില്‍ പിന്തുടര്‍ന്നെത്തിയ ആർഎസ്എസ് സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Next Story

RELATED STORIES

Share it