Sub Lead

ഇളയരാജയ്ക്ക് തിരിച്ചടി, 134 സിനിമകളിലെ പാട്ടുകളില്‍ വിലക്കുമായി ഡല്‍ഹി ഹൈക്കോടതി, കോപ്പിറൈറ്റ് സരിഗമയ്ക്ക്

ഇളയരാജയ്ക്ക് തിരിച്ചടി, 134 സിനിമകളിലെ പാട്ടുകളില്‍ വിലക്കുമായി ഡല്‍ഹി ഹൈക്കോടതി, കോപ്പിറൈറ്റ് സരിഗമയ്ക്ക്
X

ന്യൂഡല്‍ഹി: സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതില്‍ നിന്നും സംഗീത സംവിധായകന്‍ ഇളയരാജയെ വിലക്കി ഡല്‍ഹി ഹൈക്കോടതി. സരിഗമ ഫയല്‍ ചെയ്ത പകര്‍പ്പവകാശ കേസില്‍ ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ആമസോണ്‍ മ്യൂസിക്, ഐറ്റിയൂണ്‍സ്, ജിയോ സാവന്‍ തുടങ്ങി വിവിധ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങള്‍ ഇളയരാജ സ്വന്തം പേരില്‍ അപ്ലോഡ് ചെയ്തു എന്നാണ് സരിഗമയുടെ ഹര്‍ജിയില്‍ പറയുന്നത്. ഇത്, പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

1976നും 2001നും ഇടയില്‍ വിവിധ സിനിമാ നിര്‍മാതാക്കളുമായി ഒപ്പിട്ട കരാറുകള്‍ പ്രകാരം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 134 സിനിമകളിലെ ഗാനങ്ങളുടെ പൂര്‍ണ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് സരിഗമ വാദിച്ചു. എന്നാല്‍, ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്നായിരുന്നു ഇളയരാജയുടെ അവകാശവാദം. കോടതി ഈ വാദം പരിഗണിച്ചില്ല. 1957ലെ പകര്‍പ്പവകാശ നിയമ പ്രകാരം, ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ഗാനങ്ങളുടെ ആദ്യ ഉടമസ്ഥാവകാശം അതിന്റെ നിര്‍മാതാവിനായിരിക്കും. നിര്‍മാതാക്കളില്‍ നിന്ന് ഈ അവകാശം സരിഗമ നിയമപരമായി വാങ്ങിയതാണെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. ഇളയരാജയുടെ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി ഇളയരാജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ അടുത്ത വാദം ഏപ്രില്‍ മാസത്തില്‍ നടക്കും.



Next Story

RELATED STORIES

Share it