Sub Lead

കണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ് ഡി പി ഐ

കണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ് ഡി പി ഐ
X

കണ്ണൂര്‍: മലബാറിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നായ കണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുതെന്നും പ്രവാസികളോടുള്ള ക്രൂരതയ്ക്ക് അടിയന്തരമായി പരിഹാരം കാണണെന്നും എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വടക്കന്‍ മലബാറിന്റെ വികസനത്തിന് ഏറ്റവും അനുയോജ്യമാവുമെന്ന് കരുതിയ വലിയ പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാരില്ലാതെ വന്‍ പ്രതിസന്ധിയിലാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കുടക് ഭാഗങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവുമെന്ന കരുതിയ പദ്ധതിയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേട് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന പ്രതിസന്ധിക്ക് കാരണം. വിമാന യാത്രാ നിരക്കിലെ വര്‍ധനവും തിരിച്ചടിയാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ബഹുഭൂരിഭാഗം പ്രവാസികളും കണ്ണൂര്‍ വിമാനത്താവളത്തെ കൈയൊഴിയുകയാണ്. ഏതാനും വിദേശ രാജ്യങ്ങളും വിമാനക്കമ്പനികളും സര്‍വ്വീസ് നടത്താനുള്ള അനുവാദത്തിനായി കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനം വൈകിപ്പിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ഇപ്പോഴും നേരിട്ടുള്ള ആഭ്യന്തര സര്‍വ്വീസ് ഇല്ല. കൈത്തറി ഉള്‍പ്പന്നങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ കണ്ണൂരിന് മികച്ച സാധ്യതയുണ്ടെന്നിരിക്കേ വികസന സാധ്യതകള്‍ പൂര്‍ണമായും തടയുന്നതിനു പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ നാട്ടിലെ ഒരേയൊരു വിമാനത്താവളത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനോ അതിലേക്കുള്ള പാതകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രവാസികളോടും മലബാര്‍ ജനതയോടും എല്ലാകാലവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വിവേചനപരമായ നിലപാടാണ് കണ്ണൂര്‍ വിമാനത്താവളത്തെ ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചത്. നഷ്ടക്കണക്കുകള്‍ നിരത്തി ഒടുവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിമാനത്താവളം കൈമാറാനുള്ള ഗൂഢപദ്ധതി അണിയറയില്‍ ഒരുങ്ങുന്നുണ്ടോയെന്നും സംശയമുണ്ട്. ആയതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it