Sub Lead

ബിജെപിയുടെ വര്‍ഗീയ ധ്രൂവീകരണം ചെറുക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ പരാജയം: പി അബ്ദുല്‍ മജീദ് ഫൈസി

ബിജെപിയുടെ വര്‍ഗീയ ധ്രൂവീകരണം ചെറുക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ പരാജയം: പി അബ്ദുല്‍ മജീദ് ഫൈസി
X

കണ്ണൂര്‍: ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ ധ്രൂവീകരണത്തെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ ദേശിയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ജവഹര്‍ ഹാളില്‍ സംഘടിപ്പിച്ച കണ്ണൂര്‍ മേഖലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ് ലിം വേര്‍തിരിവ് സൃഷ്ടിച്ച്പ്രചാരണം നടത്തുകയാണ് മോദിയും സംഘപരിവാരവും. രാജ്യത്തെ അടിസ്ഥാന ജന വിഭാഗങ്ങളുടെ പ്രശ്ങ്ങളെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സിഎഎ, എന്‍ആര്‍സി ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിന് നേതൃപരമായ ഒരു പങ്കുമില്ല. എന്നാല്‍ രാജ്യത്ത് അരികുവല്‍ക്കരിക്കപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതെന്നും മജീദ് ഫൈസി ചുണ്ടിക്കാട്ടി. മനുഷ്യാവകാശ വിരുദ്ധമായ യുഎപിഎ കൊണ്ടുവന്നതും പിന്നാക്ക വിഭാഗത്തിന് ഏറെ ഗുണകരമായ മണ്ഡല്‍ കമ്മീഷന്‍ അടക്കമുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവച്ചതും കോണ്‍ഗ്രസാണ്. ബഹുസ്വരതയെയും ഫെഡറിലസത്തെയും അംഗീകരിച്ചും പരിഗണിച്ചും കൊണ്ടല്ലാതെ രാഷ്ട്ര സംവിധാനത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോവാന്‍ സാധ്യമല്ല. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംഘപരിവാറിന്റെ അജണ്ടയോടൊപ്പം മുന്നേറാന്‍ മല്‍സരിക്കുമ്പോള്‍ ജനാധിപത്യമാണ് നശിപ്പിക്കപ്പെടുന്നത്. ഭരണഘടനയ്‌ക്കെതിരെ കൊലവിളി നടത്തി മുന്നേറുന്ന സംഘപരിവാറിനെ പ്രതിരോധിക്കാന്‍ മതേതര വിശ്വാസികള്‍ക്കാവണം. അധികാരത്തിനു വേണ്ടി ജനങ്ങളെ വിഭജിച്ചു കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്തിപ്പോഴുള്ളത്. 11 സംസ്ഥാനങ്ങളില്‍ പാര്‍ലമെന്റിലേക്ക് മുസ്‌ലിം ന്യൂനപക്ഷത്തില്‍ നിന്നു ഒരാളെപ്പോലും മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മനസ്സ് കാണിച്ചില്ലെന്ന് തിരിച്ചറിയണം. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ട രംഗത്തും രാഷ്ട്ര നിര്‍മിതിയിലും സ്തുത്യര്‍ഹമായ പങ്കുവഹിച്ച ഒരു സമൂഹം എന്ന നിലയിലും സര്‍വര്‍ക്കും പ്രാതിനിധ്യം നല്‍കല്‍ എന്ന ജനാധിപത്യത്തിന്റെ കാതലായ ആശയത്തിന്റെ പേരിലും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാകേണ്ട ഒരു വിഭാഗമാണ് മുസ് ലിം സമൂഹം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രകടമായ അടയാളങ്ങളെ പോലും അകറ്റി നിര്‍ത്തണമെന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ ധാരയാണ് ഭരണം പിടിച്ചടക്കുന്നതിന് വേണ്ടി ജനാധിപത്യത്തിന്റെ മറവില്‍ മല്‍സരിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ രാഷ്ട്രത്തെ സ്‌നേഹിക്കുന്ന പൗര സമൂഹത്തിന്റെ ആശങ്ക വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ ബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ നമ്മള്‍ കഠിനപ്രയത്‌നം നടത്തേണ്ടതുണ്ടെന്നും മജീദ് ഫൈസി ഓര്‍മിപ്പിച്ചു. എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ, വൈസ് പ്രസിഡന്റ് എ ഫൈസല്‍, സെക്രട്ടറി ബി ശംസുദ്ധീന്‍ മൗലവി, മുസ്തഫ നാറാത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it